ഹാഥ്റസ്: ഹാഥ്റസില്‍ 121 പേരുടെ മരണത്തിന് ഇടയാക്കിയ ആള്‍ദൈവം ഭോലെ ബാബയുടെ പരിപാടി നിരുത്തരവാദപരമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ഒന്‍പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
രണ്ടര ലക്ഷത്തോളം പേര്‍ ഭോലെ ബാബയുടെ പരിപാടിയില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിപാടിക്ക് അനുമതി നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.
പരിപാടിയെക്കുറിച്ചോ പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ചോ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് സമര്‍പ്പിച്ച പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍, തഹസില്‍ദാര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേരെയാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംഘാടകരും പ്രാദേശിക ഉദ്യോഗസ്ഥരും പോലീസും നിരുത്തരവാദപരമായാണ് പ്രവര്‍ത്തിച്ചത്. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു. പരിപാടിയെ അത്ര ഗൗരവമായിട്ടല്ല ഇവര്‍ സമീപിച്ചതെന്ന് പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യമായ പോലീസ് നിര്‍ദേശങ്ങളില്ലാതെ ജനങ്ങളെ എത്തിച്ച സംഘാടകര്‍ക്കാണ് പ്രധാന പങ്കെന്നും പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.