ഗുജറാത്തിലെ അദാനി തുറമുഖത്തിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

 ഗുജറാത്തിലെ അദാനി തുറമുഖത്തിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: അദാനി തുറമുഖത്തിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. അദാനി തുറമുഖത്തിന് 2005 ല്‍ നല്‍കിയ ഏകദേശം 108 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി പുനരാരംഭിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് നല്‍കിയ അപ്പീല്‍ ജഡ്ജിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി പ്രതികരണം തേടുകയും നോട്ടീസ് നല്‍കുകയും ചെയ്തു. കച്ച് ജില്ലയിലെ മുദ്ര തുറമുഖത്തിനടുത്താണ് 108 ഹെക്ടര്‍ ഭൂമി (266 ഏക്കര്‍) സ്ഥിതി ചെയ്യുന്നത്. 2005 ല്‍ അദാനി ഗ്രൂപ്പിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി ഉത്തരവ്.

അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡിന് 231 ഏക്കര്‍ ഗ്രെയ്സിംഗ് ഭൂമി അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ കച്ച് ജില്ലയിലെ നാവിനല്‍ ഗ്രാമത്തിലെ നിവാസികള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച് 13 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 276 ഏക്കര്‍ ഭൂമിയില്‍ 231 ഏക്കര്‍ അദാനി തുറമുഖത്തിന് അനുവദിച്ചതിനെത്തുടര്‍ന്ന് ഗ്രാമത്തിന് വെറും 45 ഏക്കര്‍ മേച്ചില്‍ ഭൂമി മാത്രമായി അവശേഷിച്ചതായി ഗ്രാമവാസികള്‍ വാദിക്കുന്നു. ഭൂമി പൊതുവായതും കമ്മ്യൂണിറ്റി വിഭവവുമാണെന്ന് അവര്‍ അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.