റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി; ഓസ്ട്രേലിയന്‍ സൈനികയും ഭര്‍ത്താവും അറസ്റ്റില്‍

റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി; ഓസ്ട്രേലിയന്‍ സൈനികയും ഭര്‍ത്താവും അറസ്റ്റില്‍

ബ്രിസ്ബയ്ന്‍: റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഓസ്ട്രേലിയന്‍ സൈനികയും ഭര്‍ത്താവും അറസ്റ്റില്‍. റഷ്യയില്‍ ജനിച്ച് ഓസ്ട്രേലിയന്‍ പൗരന്‍മാരായ കിരാ കൊറോലെവും (40) ഭര്‍ത്താവ് ഇഗോര്‍ കൊറോലെവുമാണ് (62) അറസ്റ്റിലായത്. ദമ്പതികള്‍ ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സിന്റെ (എഡിഎഫ്) രഹസ്യങ്ങള്‍ റഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതായാണ് ആരോപണം. ഇരുവരെയും ബ്രിസ്ബയ്‌നിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളെ കോടതിയില്‍ ഹാജരാക്കി.

2018-ല്‍ നടപ്പാക്കിയ, കര്‍ശനമായ വിദേശ ഇടപെടല്‍ തടയുന്ന നിയമങ്ങള്‍ പ്രകാരം ചാരവൃത്തിക്കുറ്റം ചുമത്തുന്ന ആദ്യ കേസാണ്. കിരാ സൈന്യത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ടെക്‌നീഷ്യയായി ജോലി ചെയ്തിരുന്നതിനാല്‍ സുരക്ഷാ രഹസ്യങ്ങള്‍ പലതും കൈവശപ്പെടുത്താന്‍ സാധിച്ചിരുന്നു.

അവധിയെടുത്ത് രഹസ്യമായി റഷ്യയിലേക്ക് പോയ കിരാ ഭര്‍ത്താവിനോട് തന്റെ ഔദ്യോഗിക വര്‍ക്ക് അക്കൗണ്ട് ആക്സസ് ചെയ്യാനും അതീവ രഹസ്യ സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ അയച്ചുകൊടുക്കാനും നിര്‍ദേശിച്ചു. ഈ വിവരങ്ങള്‍ റഷ്യന്‍ അധികാരികള്‍ക്ക് കൈമാറിയതായിട്ടാണ് നിലവില്‍ അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കുറ്റാരോപിതരായ ദമ്പതികള്‍ ഒരു ദശാബ്ദത്തിലേറെയായി ഓസ്ട്രേലിയയില്‍ താമസിക്കുന്നവരാണെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എഎഫ്പി) കമ്മിഷണര്‍ റീസ് കെര്‍ഷോ പറഞ്ഞു.

15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ചാരവൃത്തി കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരം തനിക്ക് നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ അഭിപ്രായം പറയാനില്ലെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു.

'ഒന്നിലധികം രാജ്യങ്ങള്‍ ഓസ്ട്രേലിയയുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ഞങ്ങള്‍ക്ക് നിഷ്‌കളങ്കരായിക്കാന്‍ കഴിയില്ലെന്നും വെള്ളിയാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കമ്മിഷണര്‍ റീസ് കെര്‍ഷോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26