ഓസ്‌ട്രേലിയ റഷ്യന്‍ വിരുദ്ധ തരംഗം വളര്‍ത്താന്‍ ശ്രമിക്കുന്നതായി ക്രെംലിന്‍; റഷ്യ വിശ്വാസ്യതയില്ലാത്ത രാജ്യമെന്ന് ആല്‍ബനീസി: ചാരവൃത്തിക്കേസില്‍ വാക്‌പോര്

ഓസ്‌ട്രേലിയ റഷ്യന്‍ വിരുദ്ധ തരംഗം വളര്‍ത്താന്‍ ശ്രമിക്കുന്നതായി ക്രെംലിന്‍; റഷ്യ വിശ്വാസ്യതയില്ലാത്ത രാജ്യമെന്ന് ആല്‍ബനീസി: ചാരവൃത്തിക്കേസില്‍ വാക്‌പോര്

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ചാരവൃത്തി ആരോപിച്ച് സൈനിക ഉദ്യോഗസ്ഥയും ഭര്‍ത്താവും അറസ്റ്റിലായ സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാരും റഷ്യന്‍ സര്‍ക്കാരും തമ്മില്‍ വാക്‌പോര്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ റഷ്യയ്ക്കു കൈമാറാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് റഷ്യന്‍ വംശജരും ഓസ്‌ട്രേലിയന്‍ പൗരന്‍മാരുമായ കിരാ കൊറോലെവും (40) ഭര്‍ത്താവ് ഇഗോര്‍ കൊറോലെവും (62) അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് പ്രതിരോധ വകുപ്പിനെയും സര്‍ക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാക്‌പോരിനും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.

'റഷ്യന്‍ വിരുദ്ധ തരംഗം വളര്‍ത്താനാണ് ഓസ്ട്രേലിയന്‍ അധികാരികള്‍ ഈ അറസ്റ്റിലൂടെ ശ്രമിക്കുന്നതെന്ന്' ഓസ്ട്രേലിയയിലെ റഷ്യന്‍ എംബസി എക്സില്‍ പ്രതികരിച്ചപ്പോള്‍ കൃത്യമായ മറുപടിയുമായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും രംഗത്തെത്തി.

ലോകമെമ്പാടും ചാരവൃത്തിയില്‍ ഏര്‍പ്പെടുന്ന റഷ്യയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതായി അല്‍ബനീസി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ റഷ്യയ്ക്ക് കൃത്യമായ മറുപടി നല്‍കും. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നും അദ്ദേഹം കര്‍ക്കശമായ ഭാഷയില്‍ ആവശ്യപ്പെട്ടു. 'അന്താരാഷ്ട്ര നിയമങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത രാജ്യമാണ് റഷ്യ. അവര്‍ ആദരവ് അര്‍ഹിക്കുന്നില്ല'.

കഴിഞ്ഞ ദിവസമാണ് ദമ്പതികളെ ബ്രിസ്‌ബെയ്നിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു. ഓസ്ട്രേലിയന്‍ സൈന്യത്തില്‍ നിന്ന് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ചോര്‍ത്തി റഷ്യയ്ക്കു കൈമാറിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട ദമ്പതികളെ ഇനി സെപ്റ്റംബര്‍ 20 ന് കോടതിയില്‍ ഹാജരാക്കും. 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ അധികാരികള്‍ നാടകം കളിക്കുകയാണെന്നും 'സാങ്കല്‍പ്പിക 'റഷ്യന്‍ ചാരന്മാര്‍' ഓസ്ട്രേലിയയ്ക്കുള്ളില്‍ എല്ലായിടത്തും ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും റഷ്യന്‍ എംബസി വിമര്‍ശിച്ചു.

കിരാ സൈന്യത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ടെക്നീഷ്യയാണ്. അതിനാല്‍ അതീവ രഹസ്യ സവഭാവമുള്ള സുരക്ഷാ രഹസ്യങ്ങള്‍ പലതും കൈവശപ്പെടുത്താന്‍ സാധിച്ചിരുന്നു.

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്നെ പിന്തുണയ്ക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി ഉക്രെയ്നെ സഹായിച്ചിട്ടുള്ളതിനാല്‍ സൈനിക ഉദ്യോഗസ്ഥ നടത്തിയ ചാരവൃത്തിയെ തീവ ഗൗരവത്തോടെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും കാണുന്നത്.

റഷ്യന്‍ എംബസി ദമ്പതികളെക്കുറിച്ചുള്ള രേഖാമൂലമുള്ള വിവരങ്ങള്‍ കൈമാറാന്‍ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.