വെല്ലിംഗ്ടൺ: പാരയുടെ ആകൃതിക്ക് സമാനമായ പല്ലുകളുള്ള അപൂർവയിനം തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ന്യൂസിലൻഡിലെ ബീച്ചിലാണ് തിമിംഗലം തീരത്തടിഞ്ഞത്. അഞ്ച് മീറ്റർ (16.4 അടി) നീളമുള്ള തിമിംഗലം തെക്കൻ ഒട്ടാഗോ പ്രവിശ്യയിലെ നദീതീരത്താണ് അടിഞ്ഞത്.
ന്യൂസിലൻഡിലെ കൺസർവേഷൻ ഡിപ്പാർട്ട്‌മെൻ്റിലെയും ദേശീയ മ്യൂസിയമായ ടെ പാപ്പയിലെയും വിദഗ്‌ധരാണ് തീരത്തടിഞ്ഞത് തിമിംഗലമാണെന്ന് സ്ഥിരീകരിച്ചത്. അപൂർവയിനമായതിനാൽ തന്നെ ഇതിനെ കുറിച്ച് വിശദമായി പഠിക്കുന്നതിനും വർഗീകരണം കൃത്യമായി അറിയാനും ഡിഎൻഎ പഠനത്തിന് സംഘത്തെ നിയമിച്ചിട്ടുണ്ട്.
ആധുനിക കാലത്ത് വളരെ കുറച്ച് വിവരങ്ങൾ മാത്രം ലഭ്യമായിട്ടുള്ള സസ്തിനികളിലൊന്നാണ് പാരയുടെ ആകൃതിയിലുള്ള പല്ലുകളുള്ള തിമിംഗലമെന്ന് കൺസർവേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഓപ്പറേഷൻ മാനേജർ അറിയിച്ചു. 1800 ന് ശേഷം ഇതുവരെ ആറ് സാമ്പിളുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. നേരത്തെയും ഇതിന്റെ സാമ്പിളുകൾ ന്യൂസിലൻഡിൽ കണ്ടെത്തിയിട്ടുണ്ട്.
തിമിംഗലത്തിന്റെ ജഡം കോൾഡ് സ്റ്റോറേജിലേക്ക് മാറ്റിയിട്ടുണ്ട്. ജനിതക സാമ്പിളുകൾ ഓക്ക്‌ലാൻഡ് സർവകലാശാലയിലേക്ക് അയച്ചു. ന്യൂസിലാൻഡ് സെറ്റേഷ്യൻ ടിഷ്യൂ ആർക്കൈവാണ് ഇത് സംബന്ധിച്ചുള്ള പഠനത്തിന് നേതൃത്വം വഹിക്കുന്നത്.
1874 ൽ താടിയെല്ലും രണ്ട് പല്ലും ന്യൂസിലാൻ്റിന്റെ കിഴക്കൻ തീരത്തുള്ള ചാത്തം ദ്വീപുകളിൽ നിന്ന് കണ്ടെടുത്തിരുന്നു. പിന്നാലെ ന്യൂസിലൻഡിലും ചിലിയിലും അസ്ഥികൂടത്തിന്റ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതോടെ പുതിയൊരു ഇനം തിമിംഗലമുണ്ടെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കി. എന്നാൽ ഫോസിലുകളുടെ അഭാവവും ജീവനോടെ ഇവയെ കണ്ടിട്ടില്ലാത്തതും വെല്ലുവിളിയായി. 2010 ലാണ് ബേ ഓഫ് പ്ലെൻ്റിയിലാണ് ജീവനോടെ ഈ ഇനത്തിൽപെട്ട തിമിംഗലത്തെയും കുഞ്ഞിനെയും കാണുന്നത്. 2017 ൽ ഗിസ്‌ബോണിൽ നിന്നും ലഭിച്ച അവശിഷ്ടമാണ് ഒടുവിലായി ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.