യു.കെയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമികവല്‍ക്കരണത്തിനെതിരേ ഒളിയമ്പുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെഡി വാന്‍സ്; വിമര്‍ശനവുമായി ബ്രിട്ടീഷ് നേതാക്കള്‍

യു.കെയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമികവല്‍ക്കരണത്തിനെതിരേ ഒളിയമ്പുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെഡി വാന്‍സ്; വിമര്‍ശനവുമായി ബ്രിട്ടീഷ് നേതാക്കള്‍

വാഷിങ്ടണ്‍: യു.കെയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമികവല്‍ക്കരണത്തിനെതിരേയും അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടിയുടെ മൃദു സമീപനത്തിനു നേരെയും ഒളിയമ്പുമായി അമേരിക്കയിലെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെഡി വാന്‍സ്. ലേബര്‍ പാര്‍ട്ടി ഭരണത്തില്‍ ബ്രിട്ടണ്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്ന ആദ്യത്തെ 'ഇസ്ലാമിക രാജ്യ'മെന്നാണ് ജെഡി വാന്‍സ് വിശേഷിപ്പിച്ചത്. വാന്‍സിന്റെ പരാമര്‍ശം യു.കെയില്‍ വലിയ വിവാദമായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി യു.എസ് സെനറ്ററായ ജെഡി വാന്‍സിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ജെഡി വാന്‍സിന്റെ വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ പ്രചരിച്ചത്. വാന്‍സിന്റെ പ്രസ്താവനയില്‍ എതിര്‍പ്പ് അറിയിച്ച് ബ്രിട്ടനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച വാഷിങ്ടണ്‍ ഡിസിയില്‍ സമാപിച്ച നാഷണല്‍ കണ്‍സര്‍വേറ്റിസം കോണ്‍ഫറന്‍സില്‍ പ്രസംഗിക്കവേയാണ് ജെഡി വാന്‍സ് ഈ പരാമര്‍ശം നടത്തിയത്.

'ലോകത്തിലെ വലിയ അപകടങ്ങളിലൊന്ന് ആണവ വ്യാപനമാണ്. എന്നാല്‍ ബൈഡന്‍ ഭരണകൂടം അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നേയില്ല. ആദ്യമായി ഒരു ആണവായുധം ലഭിക്കുന്ന ഇസ്ലാമിക രാജ്യം ഏതാണ്? ഒരുപക്ഷേ അത് ഇറാനായിരിക്കാം, അല്ലെങ്കില്‍ പാകിസ്ഥാനായിരിക്കാം. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിനാല്‍ അത് യഥാര്‍ത്ഥത്തില്‍ യുകെയായിരിക്കാം' - ഇതായിരുന്നു ജെഡി വാന്‍സ് അഭിപ്രായപ്പെട്ടത്.

ഇതാദ്യമായല്ല വാന്‍സ് വിവാദത്തില്‍ ഉള്‍പ്പെടുന്നത്. എട്ടു വര്‍ഷം മുന്‍പ് ട്രംപിനെ അമേരിക്കയുടെ ഹിറ്റ്ലറെന്നു വിളിച്ചത് രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ജെഡി വാന്‍സിന്റെ അഭിപ്രായത്തെ ബ്രിട്ടന്റെ ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്നര്‍ തള്ളിക്കളഞ്ഞു. ഇത്തരം വിചിത്രമായ പരാമര്‍ശങ്ങള്‍ നടത്തിയ ചരിത്രം അദ്ദേഹത്തിനുണ്ടെന്ന് അവര്‍ പറഞ്ഞു.

'എനിക്ക് അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ തിരിച്ചറിയാനാകുന്നില്ല. ലേബര്‍ അടുത്തിടെ നേടിയ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ വ്യത്യസ്ത കമ്മ്യൂണിറ്റികളില്‍ നിന്നും ഞങ്ങള്‍ക്ക് വോട്ടുകള്‍ ലഭിച്ചു. ബ്രിട്ടനു വേണ്ടി ഭരിക്കാനും ഞങ്ങളുടെ അന്താരാഷ്ട്ര സഖ്യകക്ഷികളുമായി പ്രവര്‍ത്തിക്കാനും ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട് - ഏഞ്ചല റെയ്നര്‍ കൂട്ടിച്ചേര്‍ത്തു.

യു.കെയിലെ മുതര്‍ന്ന ലേബര്‍ നേതാക്കളും വാന്‍സിന്റെ അഭിപ്രായത്തെ അപലപിച്ചു. യു.കെയും യുഎസും തമ്മിലുള്ള പ്രത്യേക ബന്ധം ഒരു വംശീയ തമാശയായി മാറിയിട്ടില്ലെന്നാണ് മുന്‍ ബ്രിട്ടീഷ് മന്ത്രി സയീദ വാര്‍സി അഭിപ്രായപ്പെട്ടത്.

ഇത് അജ്ഞതയാലുള്ള വംശീയ പരാമര്‍ശമെന്നാണ് യു.കെയിലെ ലേബര്‍ എംപി റോസി ഡഫ്ഫീല്‍ഡ് പറഞ്ഞത്.

'ഇത്തരമൊരു അഭിപ്രായത്തിലേക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് എനിക്കറിയില്ല. ബ്രിട്ടനിലെ വൈവിധ്യത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന്് ട്രഷറി മന്ത്രി ജെയിംസ് മുറെ പറഞ്ഞു.
'എന്റെ കാഴ്ചപ്പാടില്‍, യുഎസില്‍ ആരെ തിരഞ്ഞെടുത്താലും ഞങ്ങള്‍ യുകെയും യുഎസും തമ്മില്‍ വളരെ ശക്തമായ ബന്ധമുണ്ട്. ഇത് ഞങ്ങളുടെ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഏറെ പ്രധാനമാണ്. ഇത്തരം അഭിപ്രായങ്ങള്‍ ഭയപ്പെടുത്തുന്നതാണും അദ്ദേഹം പറഞ്ഞു.

ലേബര്‍ ഒരു 'ഇസ്ലാമിക രാജ്യം' സൃഷ്ടിക്കുമെന്ന വാന്‍സിന്റെ വാദത്തോട് തികച്ചും വിയോജിക്കുന്നതായി ഷാഡോ വെറ്ററന്‍സ് മന്ത്രി ആന്‍ഡ്രൂ ബോവി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.