ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ വർണാഭമായ തുടക്കം; ആദ്യ ദിനങ്ങളിൽ പങ്കെടുത്തത് അരലക്ഷത്തിലധികം തീർത്ഥാടകർ

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ വർണാഭമായ തുടക്കം; ആദ്യ ദിനങ്ങളിൽ പങ്കെടുത്തത് അരലക്ഷത്തിലധികം തീർത്ഥാടകർ

ഇന്ത്യാനപോളിസ്: ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ വർണാഭമായ തുടക്കം. ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിലും ഇന്ത്യാന കൺവെൻഷൻ സെൻ്ററിലും നടക്കുന്ന അഞ്ച് ദിവസത്തെ കോൺഗ്രസിൽ നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനെ ആവേശപൂർവ്വമാണ് തീർത്ഥാടകർ വരവേൽക്കുന്നത്. അരലക്ഷത്തിലധികം തീർത്ഥാടകർ കാലിഫോർണിയ, കണക്റ്റിക്കട്ട്, മിനസോട്ട, ടെക്സാസ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് നാല് തീർത്ഥാടന റൂട്ടുകളിലായി 6,500 മൈൽ ദിവ്യകാരുണ്യ പര്യടനം നടത്തിയിരിന്നു.

2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുവിനൊപ്പം നടന്ന അപ്പോസ്തലന്മാര്‍ക്ക് ശേഷം ഇത്രയും ദൈര്‍ഘ്യമേറിയ പാതകള്‍ ഈശോയ്ക്കൊപ്പം കാല്‍നടയായി നടത്തപ്പെട്ട യാത്രകള്‍ ഇത് ചരിത്രത്തില്‍ ആദ്യമാണെന്നാണ് പറയപ്പെടുന്നത്. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ നാല് ശാഖകളില്‍ ദിവ്യകാരുണ്യ ഈശോയെ അനുയാത്ര ചെയ്തവര്‍ ഐക്യത്തിന്റെ ശക്തമായ പ്രതീകമായി ഇന്ത്യാനപോളിസിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയില്‍ സംഗമിക്കുകയായിരുന്നു.

തെരുവുകളിലൂടെയും പൊതുറോഡുകളിലൂടെയും ഗ്രാമങ്ങളിലൂടെയും എന്തിന് നദികളിലൂടെ വരെ ദിവ്യകാരുണ്യ നാഥന്‍ അമേരിക്കയെ ആശീര്‍വദിച്ച് നീങ്ങുന്ന അനുഗ്രഹീതവും അപൂർവമായ നിമിഷങ്ങള്‍ക്കാണ് അമേരിക്ക കഴിഞ്ഞ ദിനങ്ങളില്‍ സാക്ഷ്യം വഹിച്ചത്. മരിയന്‍ റൂട്ട്, സെറ റൂട്ട്, ജുവാന്‍ ഡീഗോ റൂട്ട്, സെറ്റണ്‍ റൂട്ട് എന്നിങ്ങനെ നാല് റൂട്ടുകളിലായി നടന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കര്‍ദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും ഉള്‍പ്പെടെ അമേരിക്കയിലെ മലയാളികള്‍ അടങ്ങുന്ന വിശ്വാസികളുടെ വന്‍ സഞ്ചയമാണ് പങ്കുചേര്‍ന്നത്.

ഒരു ലക്ഷത്തി അമ്പതിനായിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്ത ദിവ്യകാരുണ്യ തീര്‍ത്ഥാടനം 25 സ്റ്റേറ്റുകളിലെ 64 രൂപതകളിലൂടെ 6500 മെയിലുകള്‍ താണ്ടി 60 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യാനപോലീസില്‍ എത്തിച്ചേര്‍ന്നതോടെ സഭയില്‍ അത്യപൂര്‍വമായ ദിവ്യകാരുണ്യ വിപ്ലവത്തിന് ചരിത്രത്തില്‍ ഇടം കുറിക്കുകയായിരുന്നു.

ആദ്യ ദിനമായ ജൂലൈ 17ന് തീർത്ഥാടകർ സെൻ്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് കാത്തലിക് ചർച്ചിൽ സംഗമിച്ചു. പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും ആരവമായിരുന്നു ആദ്യ ദിനം. 2023-ൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ആശീർവദിച്ച സ്ഥലത്ത് മിനസോട്ടയിലെ ക്രൂക്‌സ്റ്റണിലെ ബിഷപ്പ് ആൻഡ്രൂ കോസെൻസ് ദിവ്യബലി അർപ്പിച്ചു.



ബുധനാഴ്ച മാത്രം 50,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. പങ്കെടുക്കുന്നവരിൽ 20 ഓളം ഭാഷകൾ സംസാരിക്കുന്നവരും 1,000 വൈദികരും 200 ബിഷപ്പുമാരെയും കർദിനാൾമാരും ഉണ്ടെന്ന് സംഘാടകർ പറഞ്ഞു. ഈശോ കുർബാനയിൽ ജീവിച്ചിരിക്കുന്നുവെന്ന് എല്ലാ കത്തോലിക്കരും തിരിച്ചറിയണമെന്നും നിങ്ങളുടെ സ്നേഹത്തെ അഭിമുഖീകരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നെന്ന് ബിഷപ്പ് ആൻഡ്രൂ കോസെൻസ് പറഞ്ഞു.

വിനോണ - റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍.

ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ് എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണത്തിന് പദ്ധതിയിട്ടത്.

വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍മാർ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). ഇതിന്റെ ഭാഗമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്ന് ഫ്രാന്‍സിസ് പാപ്പ അടുത്തിടെ പറഞ്ഞിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.