വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് പ്രസിഡന്റ് ബൈഡന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനമുണ്ടായത്.
'രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാണ് പിന്മാറുന്നത്' എന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും വലിയൊരു സമ്മര്‍ദ്ദം 81 കാരനായ ബൈഡന്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്.
പ്രവര്‍ത്തനങ്ങളില്‍ മികച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന കമലാ ഹാരിസിന് അദ്ദേഹം നന്ദി പറഞ്ഞു. ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും വ്യക്തമാക്കി.
ബൈഡനു പകരം നിലവിലെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ് എത്തുമെന്ന് സൂചനകളുണ്ട്. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന്റെ പേര് ബൈഡന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
പ്രായവും അനാരോഗ്യവും അദ്ദേഹത്തിന്റെ പിന്മാറ്റ തീരുമാനത്തിലേക്ക് വഴിതെളിച്ചതില്‍ മുഖ്യഘടകമായി. ജോര്‍ജ് ക്ലൂണിയും ബരാക് ഒബാമയും ബൈഡന്റെ പിന്മാറ്റം പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപുമായുള്ള സംവാദത്തിലെ പ്രകടനവും ജോ ബൈഡന്റെ പിന്മാറ്റം ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. സംവാദത്തില്‍ പലപ്പോഴും ബൈഡന് മറവി വില്ലനായി വന്നിരുന്നു. ഇതിനിടെ കോവിഡും ബാധിച്ചതും തിരിച്ചടിയായി.
പെന്‍സില്‍വാനിയയിലെ വധശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പ്. ഇതോടെ ട്രംപിന് ഏറെ പിന്നിലായിരുന്നു ബൈഡന്‍. ഇനിയും തുടര്‍ന്നാല്‍ പരാജയം നേരിടേണ്ടി വരുമെന്ന് ബൈഡന്റെ അടുത്ത വൃത്തങ്ങള്‍ പോലും വിലയിരുത്തിയിരുന്നു.
നിലവില്‍ കോവിഡ് ബാധിച്ച് റെഹോബോത്തിലെ അവധിക്കാല വസതിയില്‍ നിരീക്ഷണത്തിലാണ് ബൈഡന്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി തിരിച്ചെത്തുമെന്ന് ഐസൊലേഷനില്‍ കഴിയുന്ന അദ്ദേഹം അറിയിച്ചിരുന്നു. നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.