സോള്‍ : ഉത്തരകൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയില്‍ പതിച്ചു. പ്രസിഡൻഷ്യൽ ഓഫിസിന്‍റെ വളപ്പിലാണ് ഇത്തവണ ബലൂണുകൾ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ വാർത്ത ഏജൻസിയായ യോൻഹാപ്പ് അറിയിച്ചു.
ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ ഉത്തര കൊറിയ പറത്തി വിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്‌ച രാവിലെയോടെ അതിർത്തി കടന്ന് ബലൂണുകൾ സിയോളിന് വടക്ക് ഭാഗത്തേക്ക് പറക്കുകയായിരുന്നു. വീണുകിടക്കുന്ന വസ്‌തുക്കളില്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്‌താവനയില്‍ അറിയിച്ചു.
കെ-പോപ്പ് ഗാനങ്ങളും ഉത്തര കൊറിയക്കെതിരായ പ്രചാരണ സന്ദേശങ്ങളും ദക്ഷിണ കൊറിയ അതിര്‍ത്തി പ്രദേശങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിച്ച സാഹചര്യത്തിലാണ് ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ കൊണ്ട് ആക്രമണം നടത്തുന്നത്. ഇതാദ്യമായല്ല ഉത്തര കൊറിയ ഇത്തരത്തില്‍ അയല്‍ രാജ്യത്തേക്ക് മാലിന്യം നിറച്ച ബലൂണുകള്‍ പറത്തി വിടുന്നത്. മെയ് അവസാനത്തിന് ശേഷം ഉത്തര കൊറിയ നടത്തുന്ന പത്താമത്തെ ആക്രമണമാണിത്.
ഇതുവരെ 2,000-ല്‍ അധികം കൂറ്റൻ ബലൂണുകൾ ദക്ഷിണ കൊറിയയിൽ വന്നുവീണിട്ടുണ്ട് എന്നാണ് കണക്ക്. പേപ്പർ, തുണിയുടെ അവശിഷ്‌ടങ്ങൾ, സിഗരറ്റ് കുറ്റികൾ, വളം എന്നിവയടക്കം ബലൂണുകളില്‍ കെട്ടിയാണ് ഉത്തര കൊറിയ പറത്തി വിടുന്നത്. ദക്ഷിണ കൊറിയൻ പ്രവർത്തകർ ബലൂണുകൾ വഴി അതിർത്തിയിൽ രാഷ്‌ട്രീയ ലഘു ലേഖകൾ എത്തിക്കുന്നതിന് പകരമായാണ് തങ്ങള്‍ ബലൂണുകള്‍ അയക്കുന്നത് എന്നാണ് ഉത്തര കൊറിയയുടെ പ്രതികരണം.
ഉത്തര കൊറിയയുടെ ബലൂൺ ആക്രമണത്തിന് പ്രതികാരമായി 40 ദിവസത്തിന് ശേഷം ദക്ഷിണ കൊറിയ കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചഭാഷിണി സംപ്രേക്ഷണം പുനരാരംഭിച്ചിരുന്നു. മുൻനിര ഉത്തര കൊറിയൻ സൈനികരെയും അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാരെയും ദക്ഷിണ കൊറിയൻ പ്രചാരണ സംപ്രേക്ഷണങ്ങൾ സ്വാധീനിക്കുമെന്ന് നിരീക്ഷകർ പറയുന്നു. വിദേശ വാർത്തകളുടെ വരവ് തടയാനും സ്വേച്ഛാധിപത്യ ഭരണം നിലനിർത്താനുമുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങൾക്ക്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലഘുലേഖ വിതരണം വലിയ ഭീഷണിയാണ് എന്ന് ഉത്തര കൊറിയ കണക്കാക്കുന്നതായാണ് വിദഗ്‌ധർ പറയുന്നത്.
ബലൂണുകൾ വലിയ നാശനഷ്‌ടം വരുത്തുന്നില്ലെങ്കിലും കെമിക്കൽ, ബയോളജിക്കൽ ഏജന്‍റുകൾ പോലുള്ള അപകടകരമായ വസ്‌തുക്കൾ ബലൂണ്‍ വഴി താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയ ആശങ്കപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ ബലൂണുകൾ പറത്തിവിടല്‍ തുടരുന്നതിനാൽ കര അതിർത്തിയിലെ എല്ലാ പ്രധാന സൈറ്റുകളിലും ഉച്ചഭാഷിണികളിൽ നിന്ന് പ്യോങ്യാങ് വിരുദ്ധ പ്രചാരണം സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
അതേസമയം ദക്ഷിണ കൊറിയൻ പ്രചാരണ സംപ്രേക്ഷണങ്ങളോട് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ്, ദക്ഷിണ കൊറിയൻ സിവിലിയൻ ലഘു ലേഖകൾക്കെതിരെ പ്രതിരോധ നടപടികളെടുക്കുമെന്ന് കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.