ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ദിനമായി ജൂലൈ 21; 84 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ചൂട്

ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ദിനമായി ജൂലൈ 21; 84 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ചൂട്

ന്യൂഡല്‍ഹി: ഭൂമിയില്‍ 84 വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ദിനം ജൂലൈ 21 ആണെന്ന് യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സി. ഞായറാഴ്ച ശരാശരി ആഗോള താപനില 17.09 ഡിഗ്രി സെല്‍ഷ്യല്‍ എന്ന റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതായി യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥ ഏജന്‍സിയായ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന സേവനം വ്യക്തമാക്കി.

തുടര്‍ച്ചയായി പന്ത്രണ്ടാം മാസമായ ജൂണിലും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയോ അതിലധികം വര്‍ധിക്കുകയോ ചെയ്ത് റെക്കോര്‍ഡ് ഇട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഭൂമിയില്‍ അനുഭവപ്പെട്ടത്. 1940 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായാണ് ജൂലൈ 21 കണക്കാക്കുന്നത്.

2023 ജൂലൈ ആറിലെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. അന്ന് ശരാശരി ആഗോള താപനില 17.08 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023 ലും 2024 ലും ദൈനംദിന ആഗോള താപനില ഗണ്യമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് പ്രതിദിന ശരാശരി താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആഗോള ശരാശരി താപനില സാധാരണയായി ജൂണ്‍ അവസാനത്തിനും ഓഗസ്റ്റ് ആദ്യത്തിനും ഇടയിലാണ് ഉയര്‍ന്നുവരുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തിലെ സമുദ്രങ്ങള്‍ തണുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഉത്തരാര്‍ദ്ധഗോളത്തിലെ ഭൂപ്രദേശങ്ങള്‍ ചൂടാകുന്നതിലേക്കാണ് ഇത് നയിക്കുന്നത്.
അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ താഴ്ന്ന അളവിലാണ്. ഇത് തെക്കന്‍ സമുദ്രത്തിന്റെ ചില ഭാഗങ്ങളില്‍ ശരാശരിക്ക് മുകളിലുള്ള താപനിലയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.