തീവ്ര ഹിന്ദുത്വ വാദികളുടെ ഭീഷണി പതിവാകുന്നു: ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം തേടി ക്രൈസ്തവര്‍

തീവ്ര ഹിന്ദുത്വ വാദികളുടെ ഭീഷണി പതിവാകുന്നു: ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം തേടി ക്രൈസ്തവര്‍

ലക്‌നൗ: മതപരിവര്‍ത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണി പതിവായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ക്രൈസ്തവര്‍ പൊലീസ് സംരക്ഷണം തേടി.

തങ്ങളുടെ ജീവന്‍ അപകടാവസ്ഥയിലാണെന്ന് അറിയിച്ച് വടക്കന്‍ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന് നിവേദനം നല്‍കിയത്.

പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വ വാദികളായ ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാല്‍ പൊലീസ് സംരക്ഷണം തേടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി മാറിയെന്ന് നിവേദനത്തില്‍ ഒപ്പിട്ട രാം ലഖന്‍ പറഞ്ഞു.

ജൂലൈ 23 ന് ജില്ലാ പോലീസ് സൂപ്രണ്ടിന് സമര്‍പ്പിച്ച നിവേദനത്തില്‍ അന്‍പതോളം പേര്‍ ഒപ്പു വച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവര്‍ അറിയിച്ചു. തീവ്ര ഹിന്ദുത്വ വാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിന്റെ പകര്‍പ്പുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ക്രിസ്ത്യാനികള്‍ പള്ളിയിലോ വീടുകളിലോ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തിയാല്‍ അവരെ ഒന്നൊന്നായി അടിക്കുമെന്ന് ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.