ഐഎഎസ് കോച്ചിങ് സെന്ററില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം: സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

ഐഎഎസ് കോച്ചിങ് സെന്ററില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം: സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിലുണ്ടായ വെള്ളക്കെട്ടില്‍ മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്‍ അടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെയും കോ ഓര്‍ഡിനേറ്ററെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ റാവൂസ് സിവില്‍ സര്‍വീസ് കോച്ചിങ് സ്ഥാപന ഉടമയ്ക്കും കോ ഓര്‍ഡിനേറ്റര്‍ക്കുമെതിരെ
ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

അപകടത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെന്റില്‍ കുടുങ്ങിയാണ് മൂന്ന് പേരും മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മരിച്ച മലയാറ്റൂര്‍ സ്വദേശി നെവിന്‍ ഡാല്‍വിന്‍.

തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണ് സംഭവത്തില്‍ മരിച്ച മറ്റ് വിദ്യാര്‍ഥികള്‍. പുലര്‍ച്ചെ ഒരു മണിയോടെയാണ് നെവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ ആന്റ് റെസ്‌ക്യുവും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.