തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റ്: ക്ഷമാപണവുമായി ഒളിമ്പിക്സ് സംഘാടക സമിതി; പരസ്യം പിന്‍വലിച്ച് അമേരിക്കന്‍ കമ്പനി

തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റ്: ക്ഷമാപണവുമായി ഒളിമ്പിക്സ് സംഘാടക സമിതി; പരസ്യം പിന്‍വലിച്ച് അമേരിക്കന്‍ കമ്പനി

പാരീസ്: ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങില്‍ തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്വവര്‍ഗാനുരാഗികളുടെ സ്‌കിറ്റ് ഉള്‍പ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് പാരീസ് ഒളിമ്പിക്സ് സംഘാടക സമിതി. ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ പരിപാടിക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലിയാര്‍നാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങിനെ അനുകരിച്ച് നടത്തിയ പാരഡി സ്‌കിറ്റാണ് വിവാദമായത്. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും നഗ്‌ന ഗായകനും ഉള്‍പ്പെട്ട സ്‌കിറ്റിനെതിരേ ആഗോളതലത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ രംഗത്തുവന്നിരുന്നു.

ഏതെങ്കിലും മത വിഭാഗത്തെ നിന്ദിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് 'പാരിസ് 2024' വക്താവ് ആനി ഡെകാംപ്‌സ് പറഞ്ഞു. സമുദായ സഹിഷ്ണുത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികള്‍. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ സ്‌കിറ്റിനെതിരേ പ്രതിഷേധിച്ച് അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സി സ്പയര്‍ പാരീസ് ഒളിമ്പിക്സില്‍ നിന്ന് തങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിച്ചു. 'ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനിടെ തിരുവത്താഴത്തെ പരിഹാസിച്ചുള്ള സ്‌കിറ്റ് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. ഞങ്ങളുടെ പരസ്യങ്ങള്‍ ഒളിമ്പിക്സില്‍ നിന്ന് പിന്‍വലിക്കുകയാണ്' - കമ്പനി എക്സില്‍ അറിയിച്ചു. ഈ വിഷയങ്ങളില്‍ സ്വകാര്യ കമ്പനി സ്വീകരിച്ച നിലപാടിനെ മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് അഭിനന്ദിക്കുകയും ചെയ്തു.

ഫ്രാന്‍സിലെ മെത്രാന്‍ സമിതി, മറ്റു രാജ്യങ്ങളിലെ കത്തോലിക്ക സഭാ നേതാക്കള്‍, യു.എസ് ഹൗസ് സ്പീക്കര്‍, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി, കായിക-സിനിമാ താരങ്ങള്‍, മത പണ്ഡിതര്‍ ഉള്‍പ്പെടെ സ്‌കിറ്റിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. 'പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ധാര്‍മ്മിക ശൂന്യത'യെന്നാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ബിഷപ്പുമാര്‍ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു - 'ഉദ്ഘാടനച്ചടങ്ങ് ലോകത്തിന് മുഴുവന്‍ സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും അത്ഭുതകരമായ നിമിഷങ്ങള്‍ വാഗ്ദാനം ചെയ്തു, അതിന്റെ സൗന്ദര്യം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. എന്നാല്‍ ചടങ്ങില്‍ കല്ലുകടിയായി ക്രിസ്തുമതത്തെ പരിഹസിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും രംഗങ്ങളും ഉള്‍പ്പെടുത്തി, അത് ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു' - മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു.

വിവാദം മൂലം ചില ഫ്രഞ്ച് അത്ലറ്റുകള്‍ക്ക് നന്നായി ഉറങ്ങാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടതായി ഗെയിംസിനുള്ള ഫ്രാന്‍സിലെ ബിഷപ്പുമാരുടെ പ്രതിനിധി മോണ്‍സിഞ്ഞോര്‍ ഇമ്മാനുവല്‍ ഗോബില്യാര്‍ഡ് പറഞ്ഞു.

സമ്പന്നമായ കത്തോലിക്കാ പൈതൃകമുള്ള രാജ്യമാണ് ഫ്രാന്‍സ്. അതേസമയം സമീപകാലത്തായി മതവിരുദ്ധതയും വര്‍ധിച്ചിട്ടുണ്ട്. ഒളിമ്പിക് ഉദ്ഘാടന പരിപാടിയില്‍ അനാവശ്യമായി ഉള്‍പ്പെടുത്തിയ പാരഡി സ്‌കിറ്റ് മൂലം ക്രൈസ്തവര്‍ക്കുണ്ടായ അപമാനം സംബന്ധിച്ച പരാതി മാള്‍ട്ടയിലെ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂന ഫ്രാന്‍സിന്റെ അംബാസഡറെ അറിയിച്ചു.

കൂടുതല്‍ വായനയ്ക്ക്:

'ഒളിമ്പിക്സ് ബഹിഷ്‌കരിക്കുക'; അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു

നിന്ദ്യം, നീചം... ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി സ്വവര്‍ഗാനുരാഗികള്‍; പ്രതികരിക്കാന്‍ ആഹ്വാനവുമായി ബിഷപ്പുമാര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.