യുകെയില്‍ ജനവാസമില്ലാത്ത ദ്വീപ് വിലയ്ക്കു വാങ്ങി 'ഇസ്ലാമിക് സ്റ്റേറ്റ്' സ്ഥാപിക്കാന്‍ നീക്കവുമായി ഇസ്ലാംമത പണ്ഡിതന്‍

യുകെയില്‍ ജനവാസമില്ലാത്ത ദ്വീപ് വിലയ്ക്കു വാങ്ങി 'ഇസ്ലാമിക് സ്റ്റേറ്റ്' സ്ഥാപിക്കാന്‍ നീക്കവുമായി ഇസ്ലാംമത പണ്ഡിതന്‍

ലണ്ടന്‍: യുകെയില്‍ ജനവാസമില്ലാത്ത ദ്വീപ് വിലയ്ക്കു വാങ്ങി 'ഇസ്ലാമിക് സ്റ്റേറ്റ്' സ്ഥാപിക്കാന്‍ ധനസമാഹരണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് വിവാദത്തിലായിട്ടുള്ള ഇസ്ലാംമത പണ്ഡിതന്‍ ഷെയ്ഖ് യാസര്‍ അല്‍-ഹബീബാണ് വിശ്വാസികള്‍ക്ക് മാത്രമായി രാജ്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

സ്‌കോട്ട്ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ടോര്‍സ ദ്വീപ് വിലയ്ക്ക് വാങ്ങാന്‍ മൂന്ന് മില്യണ്‍ പൗണ്ട് സംഭാവന ചെയ്യണമെന്ന് ഷെയ്ഖ് യാസര്‍ അല്‍-ഹബീബ് അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. 85 വര്‍ഷമായി ജനവാസമില്ലാത്ത ദ്വീപ് 1.5 മില്യണ്‍ പൗണ്ടിന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ബോട്ട് മാര്‍ഗം മാത്രമാണ് ഈ ദ്വീപില്‍ എത്തിച്ചേരാന്‍ സാധിക്കുക.

ദ്വീപ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍, ദി സണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഇസ്ലാമിക സ്‌കൂളും ആശുപത്രിയും പള്ളിയും മറ്റും നിര്‍മിക്കാനാണ് പദ്ധതി.

യുകെയിലെ സൗത്ത് ബക്കിങ്ഹാംഷെയറിലുള്ള മതസംഘടനയായ മഹ്ദി സെര്‍വന്‍സ് യൂണിയന്റെ തലവനാണ് ഷെയ്ഖ് യാസര്‍ അല്‍-ഹബീബ്. ശരിഅത്ത് നിയമം പിന്തുടരുന്ന രാജ്യം സ്ഥാപിക്കാന്‍ എന്ന പേരില്‍ ദ്വീപ് വാങ്ങാന്‍ ഇതിനകം മൂന്ന് മില്യണ്‍ പൗണ്ടിലധികം സ്വരൂപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

20 വര്‍ഷം മുമ്പ് കുവൈറ്റില്‍ നിന്ന് പലായനം ചെയ്ത് യുകെയില്‍ അഭയം തേടിയ ആളാണ് 45 കാരനായ ഷെയ്ഖ് യാസര്‍ അല്‍-ഹബീബ്. സൈനിക മാതൃകയിലുള്ള പരിശീലന ക്യാമ്പുകള്‍ ഇദ്ദേഹം നടത്തുന്നതായും സൂചനയുണ്ട്.

സ്വന്തം സാറ്റലൈറ്റ് ടിവി ചാനലായ ഫഡക് ടിവിയിലൂടെ തന്റെ എതിരാളികളായ സുന്നി വിഭാഗത്തിനെതിരെ പ്രഭാഷണ പരമ്പരകള്‍ നടത്തി അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അറബി ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഇയാള്‍ക്ക് ബ്രിട്ടനില്‍ മാത്രം നാലു ലക്ഷത്തിലധികം അനുയായികളായുണ്ട്.

ഫഡക് ടിവി അടച്ചുപൂട്ടണമെന്ന ആവശ്യം യുകെയില്‍ എംപിമാര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച്, അല്‍-ഹബീബ് വിദ്വേഷം പടര്‍ത്തുന്നത് തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.