ഭീകരമായ ഉരുള്‍പൊട്ടലില്‍ വയനാട്ടിലെ ഒരു പ്രദേശമാകെ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. എത്രയോ മനുഷ്യ ജീവനുകള്‍ ഉരുളെടുത്തു. ഒപ്പം നിരവധി വീടുകള്‍, മൃഗങ്ങള്‍, ഏക്കര്‍ കണക്കിന് കൃഷി ഭൂമി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 335 ആണ്. മൂന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അതില്‍ 49 പേര്‍ കുട്ടികളാണ്.
കഴിഞ്ഞ നാല് ദിവസങ്ങളായി വയനാട്ടില്‍ നിന്നു വരുന്ന കണ്ണീര്‍ക്കാഴ്ചകള്‍ കണ്ട് വിതുമ്പി നില്‍ക്കുകയാണ് കേരളം. തങ്ങളുടെ പ്രീയപ്പെട്ടവരുടെ മൃതദേഹമെങ്കിലും കണ്ടെത്താനായി നിലവിളിച്ച് പരക്കം പായുന്ന ബന്ധുക്കള്‍... തലയും കൈകാലുകളും അറ്റു പോയ മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെ കൂടപ്പിറപ്പുകളെ തിരയുന്ന ഉറ്റവരും ഉടയവരും...
ഉള്ളു പൊള്ളാതെ കണ്ടു നില്‍ക്കാനാവില്ല ആ കാഴ്ചകള്‍. ചൂരല്‍ മലയിലെയും മുണ്ടക്കൈയിലെയും മനുഷ്യരെയോര്‍ത്ത് ഒരിറ്റ് കണ്ണീര്‍ പൊഴിക്കാത്തവരായി ലോകത്തൊരു മലയാളിയും ഉണ്ടാവില്ല. സൈനികര്‍ അടക്കം അവിടെ രാപകല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യരെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല.
പക്ഷേ, ഓരോ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. അവയ്ക്കുള്ള ഉത്തരങ്ങള്‍ പരതുമ്പോള്‍ അത് മറ്റൊരു മഹാ ചോദ്യത്തില്‍ എത്തി നില്‍ക്കുന്നു. 'എന്തുകൊണ്ടാണ് കേരളം ഇനിയും പാഠം പടിക്കാത്തത്?'... ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്ന് അതിന് ഒരേയൊരു ഉത്തരമേയുള്ളൂ... ഓരോ ദുരന്തത്തിലും ഞെട്ടി സാധാരണക്കാരന്റെ അന്തക്കരണം മറിഞ്ഞ് കലങ്ങുമ്പോള്‍ ഞെട്ടാതെ 'ഞെട്ടി വിറയ്ക്കുന്ന' രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ അസാധാരണമായ നിസംഗത... കുറ്റകരമായ അനാസ്ഥ.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്രയെത്ര പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. 2018 ലെയും 2019 ലെയും പ്രളയങ്ങള്‍, തിരുവനന്തപുരത്തെ അമ്പൂരി, വയനാട്ടിലെ തന്നെ പുത്തുമല, ഇടുക്കിയിലെ പെട്ടിമുടി, മലപ്പുറത്തെ കവളപ്പാറ, കോട്ടയത്തെ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലുകള്‍. എത്രയോ മനുഷ്യ ജീവനുകളാണ് അവ കവര്‍ന്നെടുത്തത്. എത്ര കോടികളുടെ നാശനഷ്ടങ്ങളാണുണ്ടായത്.
ഓരോ ദുരന്തങ്ങളിലും നാട്ടിലും വിദേശത്തുമുള്ള മലയാളികളുടെ നല്ല മനസ് ഉണരും. അവര്‍ സഹായ ഹസ്തങ്ങള്‍ നീട്ടും. കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും മറ്റുമായി ഒഴുകിയെത്തും. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അതില്‍ കുറച്ചൊക്കെ കിട്ടും. ബാക്കി 'സ്വാഹാ'... അതോടെ ആ ദുരന്തകഥ അവസാനിക്കും. അടുത്തതിനായി കാത്തിരിക്കും.
ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും മലയാളികളുടെ മനസിലെ ആധിയാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിട്ടണ്ടരുത്' എന്ന ശ്രീനിവാസന്റെ സിനിമാ ഡയലോഗുമായി ചിലര്‍ രംഗത്തു വരും. വെറുതേ ഭീതി പരത്തുന്നു എന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍ ഭീതി വിതയ്ക്കലല്ല, ഓരോ അനുഭവങ്ങളുടെയും വെളിച്ചത്തില്‍ അനിര്‍വാര്യമായ ഓര്‍മപ്പെടുത്തലാണ് ലക്ഷ്യം. അത് മാധ്യമ ധര്‍മ്മമാണ്.
1895 ല്‍ കമ്മീഷന്‍ ചെയ്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ നിലനില്‍പ്പ് ഭീഷണിയിലാണെന്ന് വിവിധ വിദഗ്ധ പഠനങ്ങള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ 129 വര്‍ഷം പഴക്കമുള്ള ഡാമിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി അത് മാറും എന്നതാണ് ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. കേരളത്തിലെ ആറ് ജില്ലകളിലുള്ള ലക്ഷക്കണക്കിനാളുകള്‍ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെടും. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ കേരളത്തിന്റെ ഭൂപടത്തിന്‍ നിന്നുതന്നെ അപ്രത്യക്ഷമാകും.
പരിസ്ഥിതി ദുര്‍ബലമായ കേരളത്തിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം മുല്ലപ്പെരിയാര്‍ വിഷയത്തെ സമീപിക്കാന്‍. വയനാട്ടിലുണ്ടായ വലിയ ദുരന്തം ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വങ്ങളുടെയും നീതിന്യായ പീഠങ്ങളുടെയും കണ്ണ് തുറപ്പിക്കണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1979 ലാണ് അതിന്റെ തുടക്കം. കേരള, തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുമാണ് കക്ഷികള്‍. അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിങിന്റെ നിര്‍ദേശ പ്രകാരം മുല്ലപ്പരിയാറിലെത്തിയ കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഡാം പരിശോധിച്ച് ബലക്ഷയമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നും അണക്കെട്ട് ബലപ്പെടുത്താന്‍ ചില അറ്റകുറ്റ പണികള്‍ മാത്രമാണ് നടത്തിയത്.
1979-81 കാലഘട്ടത്തില്‍ നടത്തിയ ആ ബലപ്പെടുത്തല്‍ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തി വെച്ചതെന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 നവംബര്‍ 24 ന് അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാന്‍ നാവിക സേനയിലെ വിദഗ്ധര്‍ എത്തിയെങ്കിലും കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാത്തതാണ് ഇപ്പോള്‍ ഇക്കാര്യത്തിലുള്ള പ്രധാന പ്രതിസന്ധി. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന തികച്ചും ന്യായമായ ആവശ്യത്തോടു പോലും മുഖം തിരിച്ചു നില്‍ക്കുകയാണ് ദ്രാവിഡ മക്കള്‍. അണക്കെട്ട് നിലനില്‍ക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും 999 വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം അതിന്റെ നിയന്ത്രണം തമിഴ്നാടിനാണ്.
മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ശക്തി പ്രാപിക്കുമ്പോള്‍ 'ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നത്' പോലെ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തുക, നീരൊഴുക്ക് ക്രമപ്പെടുത്തുക, റസര്‍വോയര്‍ നിരീക്ഷിക്കുക തുടങ്ങിയ പരിപാടികള്‍ക്കൊണ്ട് തമിഴ്‌നാട് പ്രശ്‌നം ഒതുക്കും. മാറിമാറി വരുന്ന നമ്മുടെ ഭരണ നേതൃത്വങ്ങള്‍ അതിന് ചൂട്ടു പിടിച്ച് കൊടുക്കുകയും ചെയ്യും. അതോടെ സമരക്കാരുടെ പോരാട്ട വീര്യം താനേ ചോര്‍ന്നു പോകുന്ന അവസ്ഥയിലുമാകും. അതാണിപ്പോള്‍ നടന്നു വരുന്നത്.
കഴിഞ്ഞ വര്‍ഷം ലിബിയയിലുണ്ടായ അണക്കെട്ട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍ നാഷണല്‍ റിവേഴ്‌സ് എന്ന സംഘടന ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ ബലക്ഷയത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ആണെന്ന് വ്യക്തമാക്കിയിരുന്നു. നീണ്ട കാലപ്പഴക്കം മാത്രമല്ല, പണ്ട് കാലത്ത് കെട്ടിട നിര്‍മാണത്തിനുപയോഗിച്ചിരുന്ന ചുണ്ണാമ്പ്, വെന്ത കളിമണ്ണിന്റെ നേര്‍ത്ത പൊടി എന്നിവ വെള്ളം ചേര്‍ത്ത് ഉണ്ടാക്കുന്ന സുര്‍ക്കി മിശ്രിതമാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. സിമിന്റ് നല്‍കുന്ന ബലത്തിന്റെ ആറില്‍ ഒന്ന് മാത്രമാണ് സുര്‍ക്കി മിശ്രിതത്തിന്റെ ബലം.
ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടുകളില്‍ ലോകത്ത് ഇന്നു നിലവിലുള്ള ഏക അണക്കെട്ടും മുല്ലപ്പെരിയാറാണ്. മറ്റ് പല രാജ്യങ്ങളും സുര്‍ക്കി മിശ്രിതം കൊണ്ടുണ്ടാക്കിയ ഡാമുകള്‍ പൊളിച്ചു മാറ്റി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പുതിയ ഡാമുകള്‍ നിര്‍മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തിയപ്പോഴും മുല്ലപ്പെരിയാര്‍ നിയമക്കുരുക്കില്‍ പെട്ട് ഒരു നാടിന് മുഴുവന്‍ ഭീഷണിയായി നിലകൊള്ളുന്നു.
മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പ സാധ്യതകളില്‍ ഏറെ ഗുരുതരമായ സോണ്‍ മൂന്നില്‍ ആണ്. റിക്്ടര്‍ സ്‌കെയിലില്‍ ആറ് വരെ ഭൂകമ്പങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ് സോണ്‍ മൂന്ന്. ഡാമിന്റെ ഇന്നത്തെ ദുര്‍ബലാവസ്ഥയില്‍ നാല് രേഖപ്പെടുത്തുന്ന ഭൂകമ്പം പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
തീവ്രത കൂടിയ ഭൂകമ്പമുണ്ടായാല്‍ ഉടന്‍ ഡാമിന്റെ ഭിത്തികള്‍ വിണ്ടു കീറുമെന്നാണ് ഐ.ഐ.ടി റൂര്‍ക്കി നടത്തിയ പഠനത്തില്‍ പറയുന്നത്. മുല്ലപ്പെരിയാറിന് 300 കിലോ മീറ്റര്‍ ചുറ്റളവില്‍ 22 ഓളം ഭൂകമ്പ സാധ്യതാ മേഖലകള്‍ ഉണ്ടെന്നും അതിനാല്‍ തീവ്രത കൂടിയ ഭൂകമ്പമുണ്ടായാല്‍ അണക്കെട്ട് പൂര്‍ണമായും തകര്‍ന്നു പോകുമെന്നുമാണ് 2ഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് ഉപയോഗിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
'അപകടകരമായ ബലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മിതികള്‍' എന്നാണ് അന്താരാഷ്ട്ര മനുഷ്യത്വ നിയമങ്ങള്‍ ഡാമുകളെ നിര്‍വ്വചിക്കുന്നത്. 1975 ല്‍ ചൈനയിലെ ബാന്‍ക്വിയാവോ ഡാമിന്റെയും തുടര്‍ന്ന് ഹെനാന്‍ പ്രവിശ്യയിലെ മറ്റ് ഡാമുകളുടെയും തകര്‍ച്ചയാണ് ലോക ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നത്. ഇത് 1,71,000 ആളുകളുടെ ജീവനെടുക്കുകയും 11 മില്യണ്‍ ജനങ്ങള്‍ക്ക് പാര്‍പ്പിടം ഇല്ലാതാക്കുകയും ചെയ്തു.
അതിലും എത്രയോ വലിയ ദുരന്തമായിരിക്കും മുല്ലപ്പെരിയാറിന്റെ തകര്‍ച്ച മൂലം സംഭവിക്കുക. അതിനാല്‍ കേരളത്തിലെ ദുര്‍ബലമായ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും തുടരെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും നീതിപീഠങ്ങളും ഈ വിഷയം ഏറെ ഗൗരവത്തോടെ തന്നെ കാണണം. അല്ലെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ അറബിക്കടലിന്റെ ആഴങ്ങളില്‍ പതിക്കുമ്പോഴും നിങ്ങള്‍ ഞെട്ടാതെ 'ഞെട്ടി വിറച്ചു' കൊണ്ടേയിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.