മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ലീജണയേഴ്സ് രോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. വിക്‌ടോറിയ സംസ്ഥാനത്തെ മെല്‍ബണില്‍ രോഗബാധിതയായ 90 വയസുകാരി മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിക്ടോറിയയില്‍ 70 ലേറെ ലീജണയേഴ്സ് കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മെല്‍ബണ്‍ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വ്യാവസായിക മേഖലയിലെ കൂളിങ് ടവറുകളാണ് രോഗബാധയുടെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. ലാവര്‍ട്ടണ്‍ നോര്‍ത്ത്, ഡെറിമുട്ട് എന്നിവിടങ്ങളിലെ നൂറോളം കൂളിങ് ടവറുകള്‍ ആരോഗ്യ വകുപ്പ് അണുവിമുക്തമാക്കി. ജൂലൈ പകുതി മുതല്‍ മെല്‍ബണ്‍ സന്ദര്‍ശിച്ച ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
രോഗബാധിതരില്‍ ഭൂരിപക്ഷം പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ന്യുമോണിയ ബാധിച്ച നിരവധി പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പനി, വിറയല്‍, ചുമ, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണമുള്ളവര്‍ കരുതിയിരിക്കാനും നിര്‍ദേശം നല്‍കി.
ലെജിയോണല്ല ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണം. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുക. സാധാരണയായി നദികളിലും തടാകങ്ങളിലും ചൂട് നീരുറവകളിലും കാണപ്പെടുന്ന ഈ ബാക്ടീരിയകള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ക്കും പ്ലംബിങ് സംവിധാനങ്ങള്‍ക്കും ഉള്ളില്‍ വേഗത്തില്‍ വളരാന്‍ കഴിയും. വെള്ളത്തിലൂടെ ബാക്ടീരിയകള്‍ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് രോഗം ഉടലെടുക്കുന്നത്. അതേസമയം രോഗം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ടു പകരില്ല.
മെല്‍ബണില്‍ ജൂലൈ പകുതിയോടെയുള്ള തണുത്ത കാലാവസ്ഥയില്‍ വായുവിലൂടെയും രോഗം കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.