ഓലച്ചൂട്ട് തല്ലിക്കെടുത്തി,
തെരുവ് വിളക്കും,ടോർച്ചും
ഓലച്ചൂട്ട് ഇരുൾ വഴിയിൽ 
തെളിഞ്ഞകാലത്ത്
പാമ്പും പട്ടിയും വഴിമാറി
കാലൻ കോഴികൾ പറന്നകന്നു
കുഴികൾ തുറിച്ച് നോക്കി,
വെളിച്ചം,കനൽ,പുക,ചാരം,  
മണ്ഡരിയും കാറ്റു വീഴ്ചയും 
വെള്ളീച്ചയും  വ്യാധി തീർത്തു, 
ഓലക്ക് വിലയില്ലാതായി
തോരണം ചാർത്താൻ 
കുരുത്തോലയും വേണ്ടാതായി
ഓല കെട്ടിമേഞ്ഞ 
വീടുകൾ 
ഓട് മേഞ്ഞ് മോടിയാക്കി
മോന്തായം വളയാതിരിക്കണം
പഴഞ്ചൊല്ല് 
പതിരില്ലാതെ നിന്നു.
മറക്കാതെ പിന്നെയും ഓർമ്മകൾ.
തൊഴുത്തിലെ പശുവും കുട്ടിയും
പിന്നെയും വെറുതെ കരഞ്ഞു 
തെരുവിൽ പട്ടികൾ കുരച്ചു 
രാത്രിമഴ നിലക്കാതെ പെയ്തു
ഇടിയും മിന്നലും ചുഴലിക്കാറ്റും 
കത്തിച്ചു വച്ച ഓലച്ചൂട്ട് പുകഞ്ഞു.
ചത്തുപോയ പാറ്റകളെ താങ്ങി - 
യെടുക്കാൻ ഉറുമ്പുകൾവരുന്നുണ്ട്
തവളകൾ രാത്രിയിലുറങ്ങാതെ
ഉറക്കെ വിളിച്ച് ഇണയെ വരുത്തി.
ഒരു നാൾ വലിയ കാറ്റ്
വരുമെന്നും കടൽ തിരതള്ളി 
ഉയർന്നു വരുമെന്നും ഉറക്കെ 
വിളിച്ച് പറഞ്ഞ് ഭ്രാന്തൻ -
ചിലർ ചിരിച്ച് കൊണ്ട് പ്രണയിക്കും
ചിലർ ചിരിച്ച് കൊണ്ട് തള്ളിപ്പറയും
ചിലർക്ക് വാക്ക് വെറും വാക്ക്,
കുതന്ത്രം ചെപ്പടിവിദ്യകൾ......
ഭ്രാന്തൻ്റെ വാക്കിൽ വെളിച്ചമുണ്ട്
പാമ്പും പട്ടിയും വഴിമാറിപ്പോകും 
കാലൻ കോഴികൾ പറന്നകലും
ഇരുളിൽ തെളിയട്ടെ ഓലച്ചൂട്ടുകൾ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.