കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സരേഷ് ഗോപി. ഉരുള്‍പാെട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദേഹം.
എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും ദുരിത ബാധിതരുടെ മാനസികാരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
ദുരന്ത സ്ഥലത്തെത്തിയ കേന്ദ്ര മന്ത്രി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനികരുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നുകൊണ്ടിരിക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിക്കുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അവലോകന യോഗവും ചേര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ലെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓരോ ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ച് പരിഗണിക്കുന്നതാണ് രീതിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുകയും ചെയ്തു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള വിവിധ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഗവര്‍ണര്‍മാരുടെ യോഗത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
2018,19 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയെ മുഴുവന്‍ മുക്കിയ വന്‍ വെള്ളപ്പൊക്കവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് വായ്പാ തിരിച്ചടവിലെ ആശ്വാസം അടക്കം ലഭിക്കും. ഇതിനൊപ്പം കൂടുതല്‍ ധനസഹായവും കിട്ടും. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കില്‍ അതൊന്നും ലഭിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.