ബ്രിട്ടന്‍ അഭയം നല്‍കിയില്ല; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നു: സര്‍വ്വ കക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ബ്രിട്ടന്‍ അഭയം നല്‍കിയില്ല; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നു:  സര്‍വ്വ കക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഭയം നല്‍കണമെന്ന അപേക്ഷ ബ്രിട്ടന്‍ തള്ളിയതോടെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നു. അഭയത്തിനായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കലാപത്തെ തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി.

ഷെയ്ഖ് ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും പിന്തുണ അറിയിച്ചു.

ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേര്‍ നിലവില്‍ അവിടെയുണ്ട്. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെക്കുകയും ബംഗ്ലാദേശ് ഭരണം സൈന്യം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹസീനയെ പിന്തുണച്ചതിന് പുതിയ ഭരണ സംവിധാനത്തില്‍ നിന്ന് ഉണ്ടാകാനിടയുള്ള തിരിച്ചടികളെ നേരിടുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നതായാണ് വിവരം.

പുതിയ സാഹചര്യം നേരിടുന്നതിന് എല്ലാ പാര്‍ട്ടികളില്‍ നിന്നും ഏകകണ്ഠമായ പിന്തുണ ലഭിച്ചെന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.