ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിനു പിന്നാലെ ഷെര്‍പുര്‍ ജയിലില്‍നിന്ന് തടവുകാര്‍ രക്ഷപ്പെട്ടു. അഞ്ഞൂറിലധികം തടവുകാര്‍ ജയില്‍ ചാടിയതായാണ് വിവരം. വടികളും ആയുധങ്ങളുമായി പ്രക്ഷോഭക്കാര്‍ ജയില്‍ ഗേറ്റ് തീയിട്ട് തകര്‍ത്ത് തടവുകാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെട്ടവരില്‍ 20 പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം. ഇവരില്‍ ആയുധധാരികളുമുണ്ട്
ഷെര്‍പുര്‍ ജയില്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു.
ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോഗിക വസതി മുതല്‍ പാര്‍ലമെന്റ് വരെ കലാപകാരികള്‍ കൈയേറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയ കലാപകാരികള്‍ അവിടെ കണ്ടതെല്ലാം മോഷ്ടിച്ചു. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയവര്‍ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെല്‍ഫി എടുക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്കും പങ്കുള്ളതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.