ലണ്ടന്‍: യു.കെയില്‍ ആളിക്കത്തുന്ന കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നിലയിലേക്ക് പ്രതിഷേധത്തിന്റെ രൂപംമാറിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. പൊലീസ് അതിശക്തമായ നടപടികള്‍ തുടരുമ്പോഴും അക്രമം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്നാണ് യു.കെ. 1.8 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇപ്പോഴുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് അതീവജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടണിലെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
യു.കെയില്‍ താമസിക്കുന്ന മലയാളികളോട് ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും പ്രതിഷേധക്കാരോട് വാഗ്വാദത്തിന് മുതിരരുതെന്നും മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്ക് ഇടയില്‍ പെട്ടാല്‍ പെട്ടെന്നു സുരക്ഷിത സ്ഥാനത്തേക്കു മാറണം. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കരുത്. ആക്രമണങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് യു.കെയില്‍ പുതിയ കോഴ്സുകളിലേക്ക് ഇന്ത്യയില്‍ നിന്ന് കുട്ടികള്‍ പോകുന്നത്. പുതിയ സാഹചര്യത്തില്‍ പലരും യു.കെയിലേക്കുള്ള യാത്ര നീട്ടിവച്ചിട്ടുണ്ട്.
ഒരൊറ്റ ആഴ്ച കൊണ്ടാണ് ബ്രിട്ടനിലെ സമാധാന അന്തരീക്ഷം കലാപ കലുഷിതമായി മാറിയത്. സൗത്ത്പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളുടെ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ വ്യാജ പ്രചരണത്തിന്റെ ചുവടുപിടിച്ചാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിലേക്കും, കലാപങ്ങളിലേക്കും മാറിയത്. ഇപ്പോള്‍ കലാപ അന്തരീക്ഷം കൂടുതല്‍ ആളിക്കത്തിക്കാന്‍ തീവ്രവലത് പക്ഷങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
വിവിധ ടെലിഗ്രാം ചാനലുകള്‍ വഴി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനമുണ്ടായതോടെ ഇംഗ്ലണ്ടില്‍ പോലീസ് സേനകള്‍ ജാഗ്രതയിലാണ്. ഇമിഗ്രേഷന്‍ സെന്ററുകള്‍ മുതല്‍ അഭയാര്‍ത്ഥി ഷെല്‍റ്ററുകളും അഭിഭാഷകരുടെ വീടുകളും ലക്ഷ്യമിട്ട് പ്രതിഷേധക്കാര്‍ എത്തുമെന്ന് തിരിച്ചറിഞ്ഞതോടെ 6000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ആല്‍ഡര്‍ഷോട്ട് മുതല്‍ വിഗാന്‍ വരെയുള്ള മുപ്പത്തിയെട്ട് സ്ഥലങ്ങളിലാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാജ്യത്തുടനീളം ഒരാഴ്ചയിലേറെയായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 100 ലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തീവ്രവാദ നിയമത്തിന് കീഴില്‍ അക്രമികളെ കൊണ്ടുവരുമെന്ന് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശപ്പെട്ട കലാപത്തിനാണ് ബ്രിട്ടന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ദിവസം നിരവധി കടകള്‍ക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കലാപകാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉത്തരവിട്ടു.
മൂന്നു പെണ്‍കുട്ടികള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി.
രാജ്യത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനായി 2.5 ബില്യണ്‍ പൗണ്ട് ആണ് മുന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിച്ചിരുന്നത്. രാജ്യത്തെ പൊതു സേവനങ്ങള്‍ പോലും പലപ്പോഴും പരാജയപ്പെടുമ്പോഴും അഭയാര്‍ത്ഥികള്‍ക്കായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് തീവ്ര വലതുപക്ഷവാദികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനാണ് കാരണമായിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.