പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11:05 ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടില്‍ എത്തും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും.

മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ദുരന്ത മേഖലയിലെത്തുന്ന മോഡി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദേഹം അവലോകന യോഗത്തില്‍ പങ്കെടുക്കും. 3:15 ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകുന്നേരം 3:55 ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ദുരന്ത ബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഇന്നലെ അറിയിച്ചിരുന്നു. സന്ദര്‍ശനത്തോടനുബന്ധിച്ച് വയനാട്ടില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം മൂന്ന് വരെ താമരശേരി ചുരം വഴി ഹെവി വാഹനങ്ങളും ചരക്ക് വാഹനങ്ങളും കടത്തിവിടില്ല.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.