മനാഗ്വേ: നിക്കരാഗ്വയില്‍ സ്വേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ ഒന്‍പതു വൈദികരില്‍ ഏഴു പേര്‍ വത്തിക്കാനിലേക്കു നാടുകടത്തപ്പെട്ടു. ഇവര്‍ 'സുരക്ഷിതരായി' വത്തിക്കാനിലെത്തിയതായി വെളിപ്പെടുത്തിയത് എകാധിപത്യ ഭരണാധികാരി ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഭാര്യയും നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയാണ്. ഓഗസ്റ്റ് ഏഴിന് രാജ്യംവിട്ട വൈദികര്‍ എട്ടാം തീയതി വത്തിക്കാനില്‍ എത്തിയതായതായും പരിശുദ്ധ സിംഹാസനം അവരെ സ്വീകരിച്ചതായും 'ചാനല്‍ 4 നിക്കരാഗ്വ' ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ മുറില്ലോ പറഞ്ഞു.
ജൂലൈ 26 മുതല്‍, മതഗല്‍പ, എസ്റ്റെലി, ജുഗല്‍പ എന്നീ രൂപതകളില്‍ നിന്നായി ആകെ ഒമ്പത് വൈദികര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.
നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊണ്ട ഫാ. വിക്ടര്‍ ഗോഡോയ്, ഫാ. ജയ്‌റോ പ്രവിയ ഫ്‌ളോറസ്, ഫാ. മര്‍ലോണ്‍ വെലാസ്‌ക്വസ്, ഫാ. ജാര്‍വിന്‍ ടോറസ്, ഫാ. റൗള്‍ വില്ലെഗാസ്, ഫാ. ഫ്രൂട്ടോസ് കോണ്‍സ്റ്റാന്റിനോ വാലെ സാല്‍ മെറോണ്‍ ഫ്രേ സില്‍വിയോ റൊമേരോ എന്നീ വൈദികരാണ് റോമിലേക്കു നാടുകടത്തപ്പെട്ടത്. രാജ്യത്തുനിന്നു നാടുകടത്തപ്പെട്ട വൈദികരുടെ വിവരങ്ങള്‍ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിന ആണ് വെളിപ്പെടുത്തിയത്. വത്തിക്കാനും ഇക്കാര്യം സ്ഥിരീകരിച്ചു.
മനുഷ്യാവകാശ സംരക്ഷകനും നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യത്തിന്റെ വിമര്‍ശകനുമായ ബിഷപ്പ് അല്‍വാരസിന്റെ രൂപതയാണ് മതഗല്‍പ. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒന്‍പതു വൈദികരില്‍ ഏഴുപേരെയാണ് നാടുകടത്തിയിരിക്കുന്നത്.
ഭരണകൂടത്തിന്റെ ഏകാധിപത്യ നീക്കത്തിന് മുന്‍പ് മതഗല്‍പയില്‍ 70 വൈദികര്‍ ഉണ്ടായിരുന്നുവെന്ന് മാര്‍ത്ത പട്രീഷ്യ മോളിന വെളിപ്പെടുത്തി. നിലവില്‍ 22 പേര്‍ മാത്രമേ ബാക്കിയുള്ളൂ.
നിക്കരാഗ്വയില്‍ നിന്ന് നാടുകടത്തപ്പെട്ട പുരോഹിതരുടെ അഞ്ചാമത്തെ ഗ്രൂപ്പാണിതെന്നും വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. 2022 ഒക്ടോബറിലും 2023 ഫെബ്രുവരിയിലും രണ്ട് ഗ്രൂപ്പുകള്‍ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.