പതിനെട്ട് ഉപഗ്രഹങ്ങളുമായി കുതിച്ച ചൈനീസ് റോക്കറ്റ് തകര്‍ന്നു; ഭീഷണിയായി അവശിഷ്ടങ്ങള്‍

പതിനെട്ട് ഉപഗ്രഹങ്ങളുമായി കുതിച്ച ചൈനീസ് റോക്കറ്റ് തകര്‍ന്നു; ഭീഷണിയായി അവശിഷ്ടങ്ങള്‍

ബീജിങ്: പതിനെട്ട് ഉപഗ്രഹങ്ങള്‍ വഹിച്ചു കൊണ്ട് കുതിച്ചുയര്‍ന്ന ചൈനീസ് റോക്കറ്റായ ലോങ് മാര്‍ച്ച് 6 എ തകര്‍ന്നു. ഭൗമോപരിതലത്തില്‍ നിന്നും 810 കിലോമീറ്റര്‍ ഉയരത്തില്‍, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ചാണ് റോക്കറ്റ് തകന്നതെന്നാണ് സൂചന. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിക്ഷേപിച്ച ശേഷമായിരുന്നു റോക്കറ്റ് തകര്‍ന്നത്. റോക്കറ്റ് തകര്‍ന്നതിന്റെ നൂറുകണക്കിന് അവശിഷ്ടങ്ങള്‍ ഭ്രമണപഥത്തിലെ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി രൂപപ്പെട്ടതായാണ് വിവരം. റോക്കറ്റ് തകരാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഭൗമോപരിതലത്തിന് മുകളില്‍ 408 കിമീ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്. ചൈനയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ഇതു സംബന്ധിച്ച് രാജ്യം പ്രതികരിച്ചിട്ടില്ല.

2024 ഓഗസ്റ്റ് ആറിനാണ് 18 'ജി60' ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ റോക്കറ്റ് വിക്ഷേപിച്ചത്. ഇത്തരത്തില്‍ 14000 ഉപഗ്രഹങ്ങള്‍ അടങ്ങുന്ന ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി.

ഈ വര്‍ഷം ആറ് വിക്ഷേപണങ്ങള്‍ നടത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2024 അവസാനത്തോടെ 108 ഉപഗ്രഹങ്ങള്‍ ചൈനയ്ക്ക് ഭ്രമണപഥത്തില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. പൂര്‍ണമായും ചൈനയില്‍ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിര്‍മാണം. ഷാങ്ഹായിലെ സോങ്ചിയാങ് ജില്ലയിലുള്ള നിര്‍മാണശാലയില്‍ 2025 ഓടെ 500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.