'ജാതി വ്യവസ്ഥയെ രാഹുല്‍ കാണുന്നത് ക്രിസ്ത്യന്‍ സഭകളുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലൂടെ'; ആര്‍എസ്എസ് എഡിറ്റോറിയല്‍ വിവാദമായി

'ജാതി വ്യവസ്ഥയെ  രാഹുല്‍ കാണുന്നത് ക്രിസ്ത്യന്‍ സഭകളുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലൂടെ'; ആര്‍എസ്എസ് എഡിറ്റോറിയല്‍ വിവാദമായി

ന്യൂഡല്‍ഹി: ജാതിയെ കുറിച്ചുള്ള നിലപാടിനും ജാതി സെന്‍സസ് വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആക്രമിച്ച് ആര്‍എസ്എസ് മുഖപത്രമായ 'പാഞ്ചജന്യത്തില്‍' വന്ന എഡിറ്റോറിയല്‍ വിവാദമായി.

ജാതി സെന്‍സസ് ഉയര്‍ത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണെന്നും രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യന്‍ സഭകളുടെയും സാമ്രാജ്യത്ത്വത്തിന്റെയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

പാഞ്ചജന്യത്തിന്റെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഴുതിയ 'ഏ നേതാജി! കൗന്‍ സാത് ഹോ?' (ഏയ് നേതാവേ, നിങ്ങളുടെ ജാതി എന്താണ്?) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലാണ് വിവാദമാകുന്നത്.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ജാതിയെ തൂക്കി നോക്കുന്നതിന് പകരം ഇന്ത്യയില്‍ ജാതിയുടെ പ്രാധാന്യം മനസിലാക്കുകയാണ് വേണ്ടതെന്ന് എഡിറ്റോറിയല്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാതി ചോദിച്ചാല്‍ ഉത്തരം ഈസ്റ്റ് ഇന്ത്യാ കമ്പനിയും എ.ഒ ഹ്യൂമും ആയിരിക്കും എന്നും പറയുന്നു.

'മുഗളന്മാര്‍ ജാതി വ്യവസ്ഥയെ വാള്‍  തലപ്പുകൊണ്ട് എതിര്‍ത്തു. എന്നാല്‍ മിഷനറിമാര്‍ അതിനെ നേരിട്ടെതിര്‍ക്കാതെ സേവനത്തിന്റെയും നവീകരണത്തിന്റെയും മറവിലൂടെ ലക്ഷ്യമാക്കി. ഒരാള്‍ സ്വന്തം ജാതിയെ എതിര്‍ക്കുന്നത് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യന്‍ സമൂഹം മനസിലാക്കി.

ഇന്ത്യയുടെ ഈ ഏകീകൃത ജാതി സമവാക്യം മുഗളന്മാരേക്കാള്‍ നന്നായി മിഷനറിമാര്‍ മനസിലാക്കി. ഇന്ത്യയെ തകര്‍ക്കണമെങ്കില്‍, ആദ്യം ജാതി വ്യവസ്ഥയെ തകര്‍ക്കണമെന്നാവര്‍ മനസിലാക്കി. അതിനാല്‍ ജാതിയെന്ന ഏകീകൃത ഘടകം നിയന്ത്രണമാണെന്നും ചങ്ങലയാണെന്നുമൊക്കെ പറഞ്ഞ് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചു'- ഹിതേഷ് ശങ്കര്‍ എഡിറ്റോറിയലില്‍ പറയുന്നു.

ഒരു ഹിന്ദുവിന്റെ ജീവിതത്തില്‍, അവന്റെ അന്തസും ധാര്‍മ്മികതയും ഉത്തരവാദിത്തവും സമൂഹവും ഉള്‍പ്പെടെ ജാതിയെ ചുറ്റിപ്പറ്റിയാണ്. മിഷനറിമാര്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണത്. തങ്ങളുടെ മതപരിവര്‍ത്തനത്തിന് ജാതിയെ ഒരു ഘടകമായി മിഷനറിമാര്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ ഒരു വിള്ളലായി കണ്ടു.

ബ്രിട്ടീഷുകാരുടെ മാതൃകയില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകള്‍ വിഭജിച്ച് രാജ്യത്ത് വിഭജനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജാതി സെന്‍സസ് ആവശ്യപ്പെടുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു.

ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാതി അറിയാന്‍ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ജാതി വ്യവസ്ഥയുടെ പ്രതിരോധം തീര്‍ക്കനായുള്ള ശ്രമങ്ങള്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26