ദക്ഷിണാഫ്രിക്കയിൽ ഇസ്ലാമിക തീവ്രവാദം വര്‍ധിച്ചുവരുന്നു; അധികാരികളുടെ നിസംഗതയില്‍ ആശങ്കയറിയിച്ച് ആഫ്രിക്കന്‍ കത്തോലിക്ക സഭ

ദക്ഷിണാഫ്രിക്കയിൽ ഇസ്ലാമിക തീവ്രവാദം വര്‍ധിച്ചുവരുന്നു; അധികാരികളുടെ നിസംഗതയില്‍ ആശങ്കയറിയിച്ച് ആഫ്രിക്കന്‍ കത്തോലിക്ക സഭ

ബിഷപ്പ് സിതെംബെലെ സിപുക

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യം വര്‍ധിച്ചിട്ടും അധികാരികള്‍ പുലര്‍ത്തുന്ന നിസംഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ആഫ്രിക്കന്‍ കത്തോലിക്ക സഭ.

സതേണ്‍ ആഫ്രിക്കന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (എസ്എസിബിസി) അംഗങ്ങളുടെ പ്ലീനറി സെഷനിലെ ഉദ്ഘാടന പ്രസംഗത്തിലാണ് ബിഷപ്പ് സിതെംബെലെ സിപുക ഇക്കാര്യം ഉന്നയിച്ചത്.

'ദക്ഷിണാഫ്രിക്കയില്‍ ഐഎസുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായുള്ള സമീപകാല വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇതേക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് യാതൊരു പ്രതികരണവുമില്ല. സര്‍ക്കാര്‍ ഒരുപക്ഷേ അത് അപ്രധാനമാണെന്ന് കരുതുന്നു'.

മൊസാംബിക്കിലെയും നൈജീരിയയിലെയും പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുമ്പോള്‍ ഈ തീവ്രവാദ സംഘം ആഫ്രിക്കയിലുടനീളം വലിയ വിപത്താണ് സൃഷ്ടിക്കുന്നതെന്ന് എസ്എസിബിസി പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് സിപുക പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന സായുധ കവര്‍ച്ചകള്‍, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കു പിന്നിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അവഗണിക്കാന്‍ പാടില്ലാത്ത ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. മൊസാംബിക്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ അസ്ഥിരതയ്ക്കു കാരണം ഐഎസാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ വളരെയധികം ദുരിതമാണ് ഇവര്‍ കൊണ്ടുവരുന്നത്. രാജ്യത്തു സമാധാനം കൊണ്ടുവരാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ മേയ് 29-ന് നടന്ന പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപീകരിച്ച ദേശീയ ഐക്യ സര്‍ക്കാരില്‍ ബിഷപ്പ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ക്രൈസ്തവര്‍ ഉള്‍പ്പെടെ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെങ്കിലും പരിഹരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിലും അവശ്യ സേവനങ്ങള്‍ നല്‍കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അസമത്വവും കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാക്കുന്നതിലും പരാജയപ്പെട്ട മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് പുതിയ സര്‍ക്കാരെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

'ഞങ്ങള്‍ക്കിത് നിസാരമായി കാണാനാവില്ല, പ്രത്യേകിച്ചും സിംബാബ്വെ പോലുള്ള മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ദുരനുഭവങ്ങള്‍ പരിഗണിക്കുമ്പോള്‍'. നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ പക്വതയില്‍ അഭിമാനിക്കാന്‍ ബിഷപ്പ് ദക്ഷിണാഫ്രിക്കയിലെ ദൈവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ രാജ്യത്തിന് ലഭിച്ച ദൈവകൃപയുടെ ഈ അടയാളത്തിന് നാം നന്ദിയുള്ളവരായിരിക്കണം

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക് - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി തീവ്രവാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എസിഎന്‍ വെളിപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.