അര്‍ജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വര്‍ മാല്‍പെ; സ്ഥിരീകരിച്ച് ഉടമ, ബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍

അര്‍ജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വര്‍ മാല്‍പെ; സ്ഥിരീകരിച്ച് ഉടമ, ബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലില്‍ മുങ്ങല്‍ വിദഗ്ദ്ധനായ ഈശ്വര്‍ മാല്‍പെ ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധനയില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ഇത് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ലോറിയുടെതാണെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു.

പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മാല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയായിരുന്നു. വൈകുന്നേരത്തോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കും.

വെള്ളത്തിന്റെ അടിത്തട്ട് നല്ലപോലെ കാണാന്‍ കഴിയുന്നുണ്ടെന്നും ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം വരെ വീണ്ടും പരിശോധന നടത്തുമെന്നും ഈശ്വര്‍ മാല്‍പെ അറിയിച്ചു. ഇന്ന് പുഴയുടെ വശങ്ങളിലാണ് പരിശോധന നടത്തിയത്. ലോറി കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും അദേഹം പറഞ്ഞു.

കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി മഴ ഇല്ല. ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്‌സിന് അടുത്തെത്തിയെന്നും എംഎല്‍എ പറഞ്ഞു.

കേരള സര്‍ക്കാര്‍ തങ്ങളോട് ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. ഡ്രഡ്ജര്‍ അടക്കം കൊണ്ടുവന്ന് തെരച്ചില്‍ നടത്താന്‍ തങ്ങള്‍ തയ്യാറായിരുന്നു. പല തവണ ആവശ്യപ്പെട്ടു. അതിനുവേണ്ട വാടകയടക്കം മുന്‍കൂട്ടി നല്‍കാമെന്ന് പറഞ്ഞിട്ടും ശ്രമിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടയതെന്നും അദേഹം പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ നാവികസേനയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. അര്‍ജുന്റെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.