കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിൽ

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിൽ

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെത്തി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഡൽഹിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ, ഫോറൻസിക് സംഘവും സിബിഐക്കൊപ്പം എത്തിയിട്ടുണ്ട്.

പൊലീസ് അന്വേഷണം നീതിപൂർവ്വമല്ലെന്ന ഡോക്ടറുടെ മാതാപിതാക്കളുടെ വാദം പരിഗണിച്ചാണ് കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്ക മാതാപിതാക്കൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് ന്യായമാണെന്നും നിരീക്ഷിച്ചു.  പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ഭരണകൂടം ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു.

രാജി വച്ച പ്രിൻസിപ്പലിന് മറ്റൊരു കോളേജിൽ നിയമനം നൽകിയതിനെയും കോടതി വിമർശിച്ചു. പ്രിൻസിപ്പലിനോട് അനിശ്ചിതകാല അവധിയിൽ പോകാനും നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ റസിഡന്റ് ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യവ്യാപകമായി നടത്തി വന്ന പണിമുടക്കാണ് സംഘടന പിൻവലിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.