കവന്‍ട്രി: യു.കെയില്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച ചിങ്ങവനം സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസി മലയാളികള്‍. റെഡ്ഡിച്ചില്‍ താമസിക്കുന്ന കോട്ടയം പനച്ചിക്കാട് സ്വദേശി വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് (42) ഭാര്യയുടെ മരണത്തില്‍ ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കിയത്. സ്‌കൂള്‍ കുട്ടികളായ ലിയ, ലൂയിസ് എന്നീ രണ്ട് മക്കളെ അനാഥരാക്കിയാണ് അനിലും ഭാര്യയ്ക്കൊപ്പം യാത്രയായത്. യുകെ മലയാളികള്‍ക്കിടയില്‍ പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കുന്നത് ആദ്യ സംഭവമാണ്.
അനിലിന്റെ ഭാര്യ സോണിയ സാറ ഐപ്പ് (39) കഴിഞ്ഞദിവസം നാട്ടില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കകം റെഡ്ഡിച്ചില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കാലില്‍ ചെറിയൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് സോണിയ നാട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡ്ഡിച്ചിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര വൈദ്യ സഹായം എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ യുകെയിലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനില്‍ കടുത്ത വിഷമത്തിലായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് അനിലും ജീവനൊടുക്കിയത്. സോണിയ മരിച്ചതിന് തൊട്ടടുത്ത ദിവസം പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി ജീവനൊടുക്കുകയായിരുന്നു.
താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇതു കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
തനിക്ക് മരണ ശേഷം ഭാര്യയുടെ ശവക്കല്ലറയില്‍ യുകെയില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കണമെന്ന സന്ദേശം മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സോണിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സോണിയയും അനിലും രണ്ടും മക്കളും യുകെയില്‍ റെഡ്ഡിച്ചിലാണ് താമസം. റെഡ്ഡിച്ചിലെ അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു സോണിയ. റെഡ്ഡിച്ചിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അനില്‍ ജോലി ചെയ്യുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് കുടുംബം യു.കെയില്‍ എത്തിയത്. റെഡ്ഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ദമ്പതികള്‍.
മരണ വിവരം അറിഞ്ഞ് അനിലിന്റെ ബന്ധുക്കളില്‍ ചിലര്‍ റെഡ്ഡിച്ചില്‍ എത്തിയിട്ടുണ്ട്. മക്കള്‍ തത്കാലം ഇവരുടെ സംരക്ഷണയില്‍ തുടരും. സംസ്‌കാരം പിന്നീട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.