മനാഗ്വ: നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം വർഷങ്ങളായി നടത്തുന്ന കടുത്ത അടിച്ചമർത്തലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പങ്കിട്ട് സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ. ഡാനിയൽ ഒർട്ടെഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം 1500 സന്നദ്ധ സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കുകയും രണ്ട് വൈദികരെ കൂടി റോമിലേക്ക് നാടുകടത്തുകയും ചെയ്തു.
1500 എൻജിഒകൾ അവരുടെ സാമ്പത്തിക വിവരങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിയമപരമായ പ്രവർത്തനാനുമതി റദ്ദാക്കിയത്. കൂടാതെ അറ്റോർണി ജനറലിൻ്റെ ഓഫീസ് ഈ സംഘടനകളുടെയെല്ലാം വസ്തുവകകളും സാമ്പത്തിക വിഭാഗങ്ങളും സർക്കാരിലേക്ക് മാറ്റണമെന്നും മന്ത്രിതല കരാർ വ്യക്തമാക്കുന്നെന്ന് ലാ പ്രെൻസ എന്ന പത്രം പറയുന്നു. ഒരു മന്ത്രിതല കരാറിലൂടെ ഇത്രയും വലിയ എൻജിഒകളെ സർക്കാർ അടച്ച് പൂട്ടുന്നത് ഇതാദ്യമാണ്. ബെഥേൽ ചർച്ച്, റിവേഴ്സ് ഓഫ് ലിവിംഗ് വാട്ടർ, പ്രിൻസ് ഓഫ് പീസ്, ഹൗസ് ഓഫ് ദി കിംഗ് ചർച്ച്, നിക്കരാഗ്വയിലെ ദി റോക്ക് ക്രിസ്ത്യൻ ചർച്ച്, എഡ്യുക്കേറ്റിംഗ് ഇൻ ഫെയ്ത്ത് ഫൗണ്ടേഷൻ, ബ്രദർഹുഡ് എന്നിവയുൾപ്പെടെ 678 കാത്തലിക്, ഇവാഞ്ചലിക്കൽ എൻജിഒകൾ റദ്ദാക്കിയ ഗ്രൂപ്പിലുണ്ട്.
കത്തോലിക്കാ സഭയ്ക്കെതിരെ നീങ്ങുന്ന സർക്കാർ രണ്ടു വൈദികരെകൂടി നാടുകടത്തി. എസ്റ്റെലി രൂപതാ വൈദികനായ ലെയൊണേൽ ബൽമസേദ മതഗാൽപ രൂപതാവൈദികനായ ഡെനീസ് മർത്തീനെസ് എന്നിവരാണ് നാടുകടത്തപ്പെട്ടത്. പത്താം തീയതി ഫാദർ ബൽമസേദയും പതിനൊന്നാം തീയതി മർത്തീനെസും അറസ്റ്റു ചെയ്യപ്പെട്ടിരിന്നെങ്കിലും പിന്നീടാണ് ഇരുവരെയും നാടുകടത്തിയത്. ഇവരെ റോമിലേക്കാണ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴാം തീയിതി ഏഴു വൈദികരെ നിക്കരാഗ്വ ഭരണകൂടം റോമിലേക്ക് നാടുകടത്തിയിരുന്നു.
5,000-ലധികം എൻജിഒകൾ, മാധ്യമ സ്ഥാപനങ്ങൾ, സ്വകാര്യ സർവ്വകലാശാലകൾ എന്നിവയുടെ നിയമപരമായ പദവികൾ 2022 ജൂൺ അവസാനം മുതൽ റദ്ദാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2021-ൽ അഞ്ചാം തവണയും അധികാരമേറ്റ സ്വേച്ഛാധിപത്യ പ്രസിഡൻ്റ് ഡാനിയൽ ഒർട്ടേഗയുടെ ദീർഘകാല നേതൃത്വത്തിന് കീഴിൽ നിക്കരാഗ്വയിലെ പൗര സ്വാതന്ത്ര്യങ്ങൾ ഇല്ലാതാവുകയാണ്.
ഇതിനോടകം നിക്കരാഗ്വൻ സുരക്ഷാ സേന നൂറുകണക്കിന് ആളുകളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പലരെയും ഏകപക്ഷീയമായി തടവിലിടുകയും ചെയ്തു. പതിനായിരക്കണക്കിന് നിക്കരാഗ്വക്കാർ രാജ്യം വിടുകയും ചെയ്തെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നു.
ഐക്യരാഷ്ട്രസഭ നിക്കരാഗ്വയിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ച് ഗുരുതരമായ ഉത്കണ്ഠ പ്രകടിപ്പിച്ചു. മാർച്ച് മുതൽ കുറഞ്ഞത് 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യുഎൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നദ അൽ-നാഷിഫ് പറഞ്ഞു.
മനുഷ്യാവകാശ സംരക്ഷകനും സ്വേച്ഛാധിപത്യത്തിന്റെ വിമർശകനുമായ ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ രൂപതയാണ് മാതഗൽപ്പ. 26 വർഷം തടവിന് ശിക്ഷിക്കപ്പെട്ട അദേഹത്തെ ഈ വർഷം ജനുവരിയിൽ റോമിലേക്ക് നാട് കടത്തി. അദേഹം ഇപ്പോൾ അവിടെ പ്രവാസത്തിൽ കഴിയുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.