ക്രൈസ്തവര്‍ പലതും നഷ്ടപ്പെടുത്തി; ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങള്‍

ക്രൈസ്തവര്‍ പലതും നഷ്ടപ്പെടുത്തി; ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങള്‍

ന്ത്യന്‍ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. അവ സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങള്‍ (Cultural and Educational Rights) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെ നമ്മള്‍ എപ്രകാരമാണ് മനസിലാക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത്? നാം ഇനിയും പലതും പഠിക്കേണ്ടതില്ലേ?

ഭരണഘടനയുടെ അനുച്ഛേദങ്ങള്‍

ന്യുനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

അനുച്ഛേദം: 29 ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍.

(1): രാജ്യത്തിന്റെ ഏത് ഭാഗത്തും താമസിക്കുന്ന ഏതു പൗര വിഭാഗത്തിനും സ്വന്തമായുള്ള പ്രത്യേകമായ ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശമുണ്ട്.

(2): സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതോ സര്‍ക്കാര്‍ സഹായത്തിലുള്ളതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജാതി-മത -ഭാഷാ-വര്‍ഗങ്ങളുടെയോ അവയില്‍ ഏതെങ്കിലുമൊന്നിന്റെയോ അടിസ്ഥാനത്തില്‍ മാത്രമുള്ള ഏതു വിവേചനത്തെയും നിരോധിക്കുന്നു.

അനുച്ഛേദം: 30 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ഭരിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം.

(1) : മതത്തെ അടിസ്ഥാനമാക്കിയായാലും ഭാഷയെ അടിസ്ഥാനമാക്കിയായാലും എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും സ്വഹിതമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്.

(2): മതത്തെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ഒരു ന്യുനപക്ഷത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ളതാണെന്ന കാരണത്തിന്മേല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായമനുവദിക്കുന്നതില്‍ ഗവണ്മെന്റ് ഒരു വിദ്യാലയത്തോടും വിവേചനം കാട്ടാന്‍ പാടുള്ളതല്ല.
(ഡോ. എം.വി പൈലി, ഇന്ത്യന്‍ ഭരണഘടന)

ഈ രീതിയില്‍ ഇന്ത്യയിലെ ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങള്‍ക്ക് സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. ഇത് ഓരോ ന്യുനപക്ഷത്തിനുമുള്ള അവകാശമാണ്. അവര്‍ക്ക് അവരുടെ ഭാഷ, ലിപികള്‍, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ അവകാശമുണ്ട്.

തങ്ങളുടെ ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്. ന്യൂനപക്ഷ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങള്‍ ന്യൂനപക്ഷങ്ങളാണ് എന്നതിന്റെ പേരില്‍ വിവേചനങ്ങള്‍ നേരിടാതിരിക്കാനുള്ള അവകാശമുണ്ട്.

ന്യൂനപക്ഷ അവകാശങ്ങളുടെ ലക്ഷ്യങ്ങള്‍

ഒരു രാജ്യത്ത് ഭൂരിപക്ഷ സമൂഹത്തിനിടയില്‍ ജീവിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ സ്വത്വപരമായി വളരെയധികം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നത് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ കണക്കിലെടുത്തിട്ടുണ്ട്. വിവേചനങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷനേടാന്‍ പലരും തങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തകളും ആചാരാനുഷ്ഠാനങ്ങളും ഉപേക്ഷിച്ചുവെന്നു വരാം.

ഇത്തരം വിവേചനങ്ങളും പീഡനങ്ങളും ഉണ്ടായില്ലെങ്കിലും ഭൂരിപക്ഷ സംസ്‌കാരത്തിന്റെയും ഭാഷയുടെയും മറ്റും അതിപ്രസരത്തില്‍പെട്ട് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്വത്വം നഷ്ടപ്പെട്ടുവെന്നും വരാം. ഈ സ്വത്വ സംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന പരിശീലനങ്ങളിലൂടെ അവ അതാത് ന്യൂനപക്ഷങ്ങളുടെ തലമുറകള്‍ക്ക് കൈമാറുക എന്നതാണ്. അതിനാലാണ് ന്യൂനപക്ഷ അവകാശങ്ങളില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ പരമ പ്രധാനമായിരിക്കുന്നത്.

മതാടിസ്ഥാനത്തിലുള്ള ന്യുനപക്ഷങ്ങള്‍ക്ക് മതം മാത്രം പഠിപ്പിക്കാനുള്ള സ്‌കൂളുകളേര്‍പ്പെടുത്തണമെന്നോ ഭാഷാ ന്യുനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷ മാത്രം പഠിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവകാശമുണ്ടായിരിക്കണമെന്നോ ഉള്ള രീതിയില്‍ ചുരുക്കിയല്ല ഭരണഘടന പറഞ്ഞിരിക്കുന്നത്.

തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളേര്‍പ്പെടുത്താന്‍ മത-ഭാഷാ ന്യുനപക്ഷങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അവര്‍ ആഗ്രഹിക്കുന്ന, നിശ്ചയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നതില്‍ പൊതുമതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് എന്ന് സുപ്രീം കോടതി 1957 ല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (ഡോ. എം.വി പൈലി: ഇന്ത്യന്‍ ഭരണഘടന).

ഇന്ത്യയിലെ വിജ്ഞാപിത ന്യൂനപക്ഷങ്ങള്‍

ഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി ഒരു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത ന്യുനപക്ഷങ്ങള്‍ക്കുള്ള കമ്മിഷന് കൂടുതല്‍ പ്രസിദ്ധിയുണ്ട്.

ഭാരത സര്‍ക്കാര്‍ നിലവില്‍ ആറ് മത ന്യൂനപക്ഷങ്ങളെ നിര്‍ണയിച്ചിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍, സിഖ് , ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതങ്ങളാണ് ഇന്ത്യയിലെ വിജ്ഞാപിത മതന്യൂനപക്ഷങ്ങള്‍. ഇവയില്‍ മുസ്ലിം, ക്രിസ്ത്യന്‍ എന്നിവയാണ് കേരളത്തിലെ പ്രധാന മത ന്യൂനപക്ഷങ്ങള്‍.

ന്യുനപക്ഷാവകാശങ്ങളുടെ വിനിയോഗം

ഭരണഘടനാനുസൃതം ലഭിച്ച വിദ്യാഭ്യാസപരമായ ന്യൂനപക്ഷാവകാശങ്ങള്‍ കേരളത്തിലെ പ്രധാന മത ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളും ക്രിസ്ത്യാനികളും എപ്രകാരമാണ് വിനിയോഗിക്കുന്നത് എന്ന് മനസിലാക്കുന്നത് ഉചിതമായിരിക്കും.

മുസ്ലിം സമുദായം

വിദ്യാഭ്യാസപരമായ ന്യൂനപക്ഷാവകാശങ്ങളെ വളരെ കൃത്യതയോടെ മനസിലാക്കി തങ്ങളുടെ സാംസ്‌കാരിക പരിപോഷണത്തിനായി മുസ്ലിം സമുദായം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. മദ്രസാ പഠനത്തിനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന വസ്തുത ഒരു വശത്തു നില്‍ക്കുമ്പോള്‍ തന്നെ പൊതുവിദ്യാഭ്യാസത്തിലും തങ്ങളുടെ സമുദായമുദ്ര പതിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ന്യുനപക്ഷ അവകാശ പ്രകാരം സ്‌കൂളുകള്‍ സ്ഥാപിക്കുകയും അധ്യാപക നിയമനം നടത്തുകയും ചെയ്യുന്നു. പ്രൈമറി തലം മുതല്‍ എല്ലാ ക്ലാസുകളിലും അറബി ഭാഷ പഠിപ്പിക്കുന്നു. ഉറുദുവും ആവശ്യാനുസരണം പഠിപ്പിക്കുന്നുണ്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം അറബി ഭാഷ പഠിപ്പിക്കുന്ന 5523 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. ഉറുദു ഭാഷ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ 1506.

ഇപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അറബി, ഉറുദു ഭാഷകള്‍ പഠിപ്പിക്കുന്ന 8060 റെഗുലര്‍ അധ്യാപകര്‍ ജോലി നോക്കുന്നു. (ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഭാഗം 1 പട്ടിക 18). ന്യൂനപക്ഷാവകാശങ്ങള്‍ ഉപയോഗിച്ച് എത്ര പേരാണ് സര്‍ക്കാര്‍ ശമ്പളം വാങ്ങി ഉപജീവനം കഴിക്കുന്നത് എന്നു നോക്കൂ. സ്‌കൂളില്‍ ഒരു കുട്ടിയെങ്കിലും അറബി പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അധ്യാപകരെ നിയമിച്ചു നല്‍കണം എന്നാണ് വിദ്യാഭ്യാസ ചട്ടം .

ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ ഇന്ത്യാ ചരിത്രത്തിനും ലോക ചരിത്രത്തിനും പകരം ഇസ്ലാമിക് ഹിസ്റ്ററി എന്ന വിഷയം കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും. കോളജ്, സര്‍വ്വകലാശാലാ തലങ്ങളില്‍ നൂറു കണക്കിന് അറബി, ഉറുദു, ഇസ്ലാമിക് ഹിസ്റ്ററി അധ്യാപകര്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്നു. ഇവയ്ക്കു പുറമെയാണ് ഭാഷാ പാഠങ്ങളിലും സാമൂഹ്യ പാഠത്തിലുമൊക്കെയുള്ള കടന്നു കയറ്റങ്ങളെയും ചരിത്രത്തിന്റെ വളച്ചൊടിക്കലുകളെയും കുറിച്ചൊക്കെ കേരളത്തില്‍ ഇതര വിഭാഗങ്ങളില്‍ നിന്നും ഗൗരവതരമായ പരാതികള്‍ ഉയര്‍ന്നു വരുന്നത്.

കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍, ഉറുദു സ്‌പെഷ്യല്‍ ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്ലിം എഡ്യൂക്കേഷന്‍ എന്നിങ്ങനെയുള്ള തസ്തികകളുണ്ട് എന്നത് പലര്‍ക്കും കൗതുകം ജനിപ്പിക്കുന്ന ഒരു വസ്തുതയാണ്. സാധാരണ കലണ്ടര്‍ പ്രകാരമല്ലാതെ ഇസ്ലാമിക കലണ്ടര്‍ പ്രകാരം പ്രവൃത്തി ദിനങ്ങളും അവധിദിനങ്ങളും നിശ്ചയിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും കേരളത്തിലുണ്ട്.

മാത്രമല്ല സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ 50 % ത്തിലധികം മുസ്ലിങ്ങളായാല്‍ ആ ഗവണ്‍മെന്റ് സ്‌കൂളിന് മുസ്ലിം ഗവണ്‍മെന്റ് സ്‌കൂള്‍ എന്നു പേരു നല്‍കണമെന്നു പോലും വാദങ്ങളുണ്ട്.

സ്‌കൂള്‍ കലോത്സവമാണ് മറ്റൊരു രംഗം. ഒപ്പന, മാപ്പിളപ്പാട്ട്, അറബി പദ്യം ചൊല്ലല്‍, അര്‍ബനമുട്ട് തുടങ്ങി എല്ലാ കലാരൂപങ്ങള്‍ക്കും കലോത്സവങ്ങളില്‍ വേദികളുണ്ട്. കോലുകളി മറ്റു മതങ്ങളിലും ഉണ്ടെങ്കിലും കലോത്സവത്തിന് മാപ്പിളപ്പാട്ടു പാടി മാത്രം കോലുകളി നടത്തണമെന്ന് നിര്‍ബന്ധമുണ്ട്. ഇതു കൂടാതെ അറബി കലോത്സവവും നിലവിലുണ്ട്.

ക്രിസ്ത്യന്‍ സമുദായം

ക്രിസ്ത്യന്‍ സമുദായം ന്യൂനപക്ഷാവകാശ പ്രകാരം സ്‌കൂളുകള്‍ സ്ഥാപിച്ച് അധ്യാപക നിയമനവും വിദ്യാര്‍ത്ഥി പ്രവേശനവും നടത്തുന്നതല്ലാതെ ക്രൈസ്തവ സംസ്‌കാരത്തിന്റെയും ഭാഷകളുടെയും സംരക്ഷണത്തിനായി അവ ഉപയോഗിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. വേദപാഠപഠനം, ആദ്യ വെള്ളിയാഴ്ച ആചരണം എന്നിവയ്ക്കപ്പുറത്തേക്ക് കാര്യമായി യാതൊന്നും കത്തോലിക്കാ സ്‌കൂളുകളില്‍ നടത്തപ്പെടാറില്ല. അവ തന്നെയും ഇപ്പോള്‍ കുറഞ്ഞു വരുന്നു.

കെ.ഇ.ആര്‍ പ്രകാരം സുറിയാനി, ലത്തീന്‍ ഭാഷകള്‍ പഠിപ്പിക്കാമായിരുന്നിട്ടും വളരെ ചുരുക്കം ഹയര്‍ സെക്കണ്ടറി ക്ലാസുകളില്‍ മാത്രമാണ് അവയുള്ളത്. പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഈ ഭാഷകള്‍ പഠിപ്പിക്കുന്നതേയില്ല. ഈ ശ്രദ്ധക്കുറവുമൂലം ഈ ഭാഷകളും സംസ്‌കാരങ്ങളും തലമുറകള്‍ക്കു കൈമാറുന്നതില്‍ ക്രൈസ്തവര്‍ പരാജയപ്പെട്ടു എന്നു മാത്രമല്ല ധാരാളം തൊഴിലവസരങ്ങളും നഷ്ടപ്പെടുത്തി.

പാഠപുസ്തകങ്ങളിലുണ്ടാകുന്ന കയ്യേറ്റങ്ങളും വളച്ചൊടിക്കലുകളും ക്രൈസ്തവര്‍ ശ്രദ്ധിക്കുന്നതേയില്ല. കലോത്സവങ്ങളിലാണെങ്കിലും മാര്‍ഗം കളിക്കും ചവിട്ടു നടകത്തിനുമപ്പുറം ക്രൈസ്തവ കലകളുടെ പരിപോഷണത്തിലും ശ്രദ്ധ ചെലുത്തപ്പെടുന്നില്ല.

സ്ഥാപനങ്ങള്‍ക്ക് ന്യുനപക്ഷ പദവിയുടെ സര്‍ട്ടിഫിക്കേറ്റ് നേടിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിനൊപ്പം ബോര്‍ഡുകളിലോ ലെറ്റര്‍ പാഡുകളിലോ A Christian Minority Institution എന്ന് എഴുതി ചേര്‍ത്തിരിക്കുന്നതായോ, ഭരണഘടനയിലെ 29, 30 അനുച്ഛേദങ്ങള്‍ സ്ഥാപനങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നതായോ ഒരിടത്തും കണ്ടിട്ടില്ല.

ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങളെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്ള Community Institutions ആയി വീണ്ടെടുക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് സാധിക്കണം. ന്യുനപക്ഷാവകാശങ്ങളുടെ അന്തിമ അവകാശികളും ഗുണഭോക്താക്കളും കേവലം സ്ഥാപനങ്ങളല്ല മറിച്ച് സമുദായം മുഴുവനുമാണ് എന്ന തിരിച്ചറിവ് എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതുണ്ട്.

സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍


ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷാവകാശങ്ങള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ കയ്യേറിക്കൊണ്ടിരിക്കുന്നു. അവയോട് എതിര്‍ത്തു നില്‍ക്കാന്‍ പലപ്പോഴും ക്രൈസ്തവര്‍ക്ക് സാധിക്കാതെയും വരുന്നു. ഭരണഘടനാ അനുച്ഛേദം 30 പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവര്‍ക്കിഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്. അതായത് മാനേജ്‌മെന്റിന് സ്വന്തം താല്‍പര്യപ്രകാരം അധ്യാപകരെ നിയമിക്കാനും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്.

കോടതി വിധികള്‍ പ്രകാരം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 50% വരെ കമ്മ്യൂണിറ്റി ക്വോട്ടയ്ക്കും അവകാശമുണ്ട് (നിലവില്‍ പരമാവധി 20% കമ്മ്യൂണിറ്റി ക്വോട്ട മാത്രമേ അനുവദിച്ചിട്ടുള്ളൂ). എന്നാല്‍ ഏകജാലക സംവിധാനം കൊണ്ടുവന്ന് വിദ്യാര്‍ത്ഥി പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. അധ്യാപക ബാങ്കില്‍ നിന്നും 1:1 അനുപാതത്തില്‍ നിയമന വ്യവസ്ഥ കൊണ്ടുവന്ന് എയ്ഡഡ് അധ്യാപക നിയമനവും സര്‍ക്കാര്‍ കയ്യേറി.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50% സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംവരണങ്ങള്‍ പോലും നടപ്പിലാക്കി. ഭിന്നശേഷി സംവരണം എയ്ഡഡ് അധ്യാപക നിയമനത്തില്‍ കൊണ്ടുവരിക മാത്രമല്ല, അവ എംപ്ലോയിമെന്റ് എക്‌സേഞ്ചില്‍ നിന്നു നല്‍കുന്ന ലിസ്റ്റില്‍ നിന്നു നടത്തണമെന്ന് നിര്‍ബന്ധമാക്കി. എയ്ഡ്ഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട, ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങളില്‍ മുന്നോക്ക, പിന്നോക്ക വേര്‍തിരിവ് നടത്തി സുറിയാനി സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കേവലം 10% മാത്രമായി പരിമിതപ്പെടുത്തി.

എയ്ഡഡ് സംവിധാനം

എയ്ഡഡ് സംവിധാനമെന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കി സമുദായങ്ങളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നു എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ പൗരന്‍മാരുടെ വിദ്യാഭ്യാസം എന്ന സര്‍ക്കാരിന്റെ കടമ നിര്‍വഹിക്കാന്‍ സ്വന്തം സ്ഥലവും കെട്ടിടങ്ങളും വിട്ടുനല്‍കി അവര്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്.

സര്‍ക്കാരിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ത്രാണി ഇല്ലാതിരുന്ന കാലത്ത് ക്രൈസ്തവ സമുദായത്തോട് അവ ആരംഭിക്കാന്‍ സര്‍ക്കാരുകള്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് 1920 ല്‍ ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ അഭ്യര്‍ത്ഥന പ്രകാരം മധ്യതിരുവതാംകൂറില്‍ ഒരു കോളജ് ആരംഭിക്കാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് കുര്യാളശേരി പിതാവ് എസ്.ബി കോളജ് ആരംഭിക്കുന്നത്. (എസ്.ബി കോളജ് ഗോള്‍ഡന്‍ ജൂബിലി സുവനീര്‍, 1973 പേജ് 21).

നിസ്‌കാരവും വഖഫും

ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിസ്‌കാരം ആവശ്യപ്പെടുന്നവരോട് പറയാനുള്ളത് ഇത് അനുവദിച്ചു തരാനുള്ള നിയമപരമായ യാതൊരു ബാധ്യതയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കില്ല എന്നാണ്. എന്നാല്‍ അവിടെ ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് അനുച്ഛേദങ്ങള്‍ 29, 30 പ്രകാരം അനുവദിക്കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയാണെങ്കില്‍ മുസ്ലിങ്ങളും ന്യൂനപക്ഷമല്ലേ അവരുടെ സംസ്‌കാരവും സംരക്ഷിക്കപ്പെടേണ്ടേ എന്നു ചോദിക്കുന്നവരോട് പറയാനുള്ളത് ക്രൈസ്തവര്‍ പിടിയരി പിരിച്ചും മുണ്ടു മുറുക്കിയുടുത്തും സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത് അവരുടെ സ്വന്തം സംസ്‌കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മറ്റുള്ളവര്‍ക്കും അവിടെ പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട് എന്നു മാത്രം. ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലെ ഇപ്രകാരമുള്ള അന്തരീക്ഷം ഇന്ത്യയിലെയും കേരളത്തിലെയും ഭൂരിപക്ഷ സമൂഹം മാനിക്കുകയും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം നേടി ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തതിന്റെ ദീര്‍ഘകാല ചരിത്രവും നമുക്ക് മുന്‍പിലുണ്ട്. ഇസ്ലാമിക സംസ്‌കാരം പരിപോഷിപ്പിക്കേണ്ടവര്‍ ഇസ്ലാമിക സ്ഥാപനങ്ങളില്‍ തന്നെ തുടരുകയാണ് വേണ്ടത് എന്ന് സ്‌നേഹബുദ്ധ്യാ ഓര്‍മിപ്പിക്കുന്നു.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ തന്നെ ഈ നിസ്‌കാര വിവാദങ്ങള്‍ ഉയര്‍ന്നുവന്നത് കാര്യങ്ങള്‍ വേഗം ഗ്രഹിക്കുന്നതിന് സഹായകമായി എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇനിയും നിസ്‌കരിക്കാന്‍ അവസരം നല്‍കുന്ന ഏതെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയുടെ നടത്തിപ്പുകാര്‍ 1995 ലെ വഖഫ് ആക്ട് വായിച്ചു മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

അതിന്റെ ചാപ്റ്റര്‍ 1, സെക്ഷന്‍ 3 ഡെഫിനിഷന്‍സ് എന്നതില്‍ ഉപവകുപ്പ് r ( i) ല്‍ പറയുന്ന waqf by user എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞിരിക്കണം. നിസ്‌കാരം പോലെയുള്ള മുസ്ലിം മതകര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏതു സ്ഥലവും അവര്‍ അതു നിര്‍ത്തിയാല്‍പ്പോലും കാലപരിധിക്കതീതമായി വഖഫ് ആയി കണക്കാക്കപ്പെടുമെന്ന് 2013 ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ വഖഫ് നിയമങ്ങള്‍ വീണ്ടും ഭേദഗതി ചെയ്യപ്പെടുമായിരിക്കും. എന്നാല്‍ പിന്നീട് ഒരു അവസരത്തില്‍ അവയൊക്കെ മുന്‍കാല പ്രാബല്യത്തോടെ പുനസ്ഥാപിക്കപ്പെടുകയും ചെയ്‌തേക്കാം. അതിനാല്‍ ഈ വിഷയത്തിലുള്ള കരുതല്‍ എപ്പോഴും നല്ലതാണ്.

ന്യൂനപക്ഷ അവകാശങ്ങള്‍ എന്താണെന്നും അവയുടെ ആവശ്യകതയെന്തെന്നും ഇതര സമുദായങ്ങള്‍ അവ എപ്രകാരം വിനിയോഗിക്കുന്നുവെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മനസിലാക്കിയിരിക്കുന്നത് ഉചിതമായിരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.