ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കു മടങ്ങുന്നത് അടുത്ത വര്‍ഷം; യാത്രയ്ക്ക് സ്‌പേസ് എക്‌സ് പേടകം

ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കു മടങ്ങുന്നത് അടുത്ത വര്‍ഷം; യാത്രയ്ക്ക് സ്‌പേസ് എക്‌സ് പേടകം

വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 80 ദിവസത്തിലേറെയായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും അടുത്ത വര്‍ഷം ഭൂമിയില്‍ തിരിച്ചെത്തും. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും 2025 ഫെബ്രുവരിയില്‍ ഇരുവരുടെയും മടക്കം.

നേരത്തെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് ഇരുവരും ബഹിരാകാശത്ത് എത്തിയത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന് തകരാര്‍ സംഭവിച്ചതോടെ ഇവരുടെ യാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. സ്റ്റാര്‍ലൈനര്‍ പേടകം ജീവനക്കാരില്ലാതെ ഭൂമിയില്‍ തിരിച്ചെത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ തീരുമാനം.

സ്റ്റാര്‍ലൈനറിലുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. സുരക്ഷയ്ക്കാണ് ഞങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് സുനിത വില്യംസിന്റെയും വില്‍മോറിന്റെയും ദൗത്യം 2025 ഫെബ്രുവരി വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ ഇരുവര്‍ക്കും മടങ്ങാനാകുമെന്നും നാസ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂണ്‍ അഞ്ചിന് എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും വില്‍മോറും ബഹിരാകാശനിലയത്തിലെത്തിയത്. തുടര്‍ന്ന് പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ബഹിരാകാശനിലയത്തിലേക്കുള്ള യാത്രക്കിടയില്‍ തന്നെ സ്റ്റാര്‍ലൈനില്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നു. ഹീലിയം ചോര്‍ച്ച ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്.

നാസയുമായുള്ള ദൗത്യത്തിന് ശതകോടികളുടെ കരാറിലാണ് ബോയിങ്ങും സ്‌പേസ് എക്‌സും ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 4.2 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് നാസയും ബോയിങ്ങും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി നാസയ്ക്ക് 2.6 ബില്യണ്‍ ഡോളറിന്റെ കരാറാണുള്ളത്. നാസയ്ക്ക് വേണ്ടി ഒമ്പത് ക്രൂ ഫ്‌ളൈറ്റുകള്‍ സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബോയിങ്ങിന്റെ ആദ്യ ദൗത്യമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.