ആക്രമണത്തിനിരയായ കുഞ്ഞ്, മാതാപിതാക്കള്‍
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ കുട്ടികളുടെ പാര്‍ക്കില്‍ വച്ച് പിഞ്ചുകുഞ്ഞിന് നേരെ ക്രൂരമായ ആക്രമണം. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് അഞ്ജാതന്‍ തിളച്ച കാപ്പി ഒഴിച്ചു. ബ്രിസ്‌ബെയ്‌നിലെ ഹാന്‍ലോണ്‍ പാര്‍ക്കിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവമുണ്ടായത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ ആണ്‍കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ക്വീന്‍സ്ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാര്‍ക്കിലെത്തിയ സന്ദര്‍ശകരെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച കാപ്പി ഒഴിച്ചതിന് ശേഷം അക്രമി ഓടി രക്ഷപെടുകയായിരുന്നു. ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. അക്രമിയെ തിരിച്ചറിയുന്നവര്‍ വിവരം അറിയിക്കണം എന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
തന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ വന്ന് ചൂടുള്ള കാപ്പി ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ചിട്ട് ഓടിപ്പോകുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
കുഞ്ഞിന്റെ നിലവിളി കേട്ട് സമീപത്ത് താമസിച്ചിരുന്ന ഒരു നഴ്സ് ഓടിയെത്തി സഹായിക്കുകയും ആംബുലന്‍സ് എത്തുന്നതിന് മുമ്പ് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തതായും അവര്‍ പറഞ്ഞു.
പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
'എന്റെ കുഞ്ഞ് ഇത് നേരിടേണ്ടതല്ല, ഒരാളും ഇത് നേരിടേണ്ടതല്ല' - കുഞ്ഞിന്റെ അമ്മ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ആക്രമണം നടന്ന നിമിഷം തന്റെ ഓര്‍മയിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് അവനെ സംരക്ഷിക്കേണ്ടിയിരുന്നത്. എന്നാല്‍ എനിക്ക് അതിനായില്ല' - കുട്ടിയുടെ അമ്മ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.