അപ്പസ്‌തോലിക സന്ദര്‍ശനത്തിനു മുന്‍പായി അമ്മയുടെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് പാപ്പ; ഏഷ്യ-പസഫിക് യാത്ര വൈകാതെ ആരംഭിക്കും: പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍

അപ്പസ്‌തോലിക സന്ദര്‍ശനത്തിനു മുന്‍പായി അമ്മയുടെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് പാപ്പ; ഏഷ്യ-പസഫിക് യാത്ര വൈകാതെ ആരംഭിക്കും: പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍

വത്തിക്കാന്‍: ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി പതിവ് തെറ്റിക്കാതെ മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ചയാണ് റോമിലെ പേപ്പല്‍ ബസിലിക്കയിലെത്തി പാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയത്. ഇന്ന് (തിങ്കള്‍) മുതല്‍ 13 വരെ രണ്ടാഴ്ച നീളുന്ന പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്‌തോലിക യാത്രയാണിത്.

വത്തിക്കാന്‍ പ്രസ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സെപ്റ്റംബര്‍ ഒന്നിന് ഫ്രാന്‍സിസ് മാര്‍പാപ്പ മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ഥിച്ച് ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്‌തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് ഭരമേല്‍പിച്ചു. തുടര്‍ന്ന് പാപ്പ വത്തിക്കാനിലേക്കു മടങ്ങി.

ഐടിഎ എയര്‍വേയ്സിന്റെ അറിയിപ്പ് അനുസരിച്ച്, സെപ്റ്റംബര്‍ രണ്ടിന് പ്രാദേശിക സമയം വൈകിട്ട് റോമിലെ ഫിയുമിസിനോ എയര്‍പോര്‍ട്ടില്‍ നിന്ന് പാപ്പയെും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയരും. ജക്കാര്‍ത്തയിലെ സോകര്‍ണോ-ഹട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുന്നത്.

മാര്‍പാപ്പയുടെ പ്രായം തന്നെയാണ് ഈ യാത്രയ്ക്ക് വാര്‍ത്താപ്രാധാന്യം നല്‍കുന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയതും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ സന്ദര്‍ശനമെന്നു തന്നെ ഈ യാത്രയെ വിശേഷിപ്പിക്കാം. ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ നാലു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശനത്തില്‍ ഡിസംബറില്‍ 88 തികയുന്ന മാര്‍പാപ്പ വീല്‍ ചെയറില്‍ സഞ്ചരിക്കുക 32,814 കിലോമീറ്ററാണ്. മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. ഈ പ്രായത്തില്‍ മറ്റൊരു മാര്‍പാപ്പയും ഇത്രയും ദൈര്‍ഘ്യമേറിയ വിദേശപര്യടനം നടത്തിയിട്ടില്ല.

2020-ല്‍ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1989 ല്‍ ഈ നാലു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

നാളെ രാവിലെ ഇന്തോനേഷ്യയിലെത്തുന്ന മാര്‍പാപ്പ ഗ്രാന്‍ഡ് ഇമാം നസറുദീന്‍ ഉമറിനൊപ്പം മധ്യ ജക്കാര്‍ത്തയിലെ ഇസ്തിക്ലല്‍ മോസ്‌കും കത്തോലിക്കാ കത്തീഡ്രലും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ സഞ്ചരിക്കും. പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തുകയും ജക്കാര്‍ത്ത സ്റ്റേഡിയത്തില്‍ പൊതുകുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.

ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഈ ചരിത്രം കാരണം, മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പിന്നീട് ദക്ഷിണേഷ്യാ സര്‍വമത സമ്മേളനത്തിലും പങ്കെടുക്കും. പാപ്പുവ ന്യൂഗിനിയില്‍ ഏറ്റവും ദരിദ്രമായ വാനിമോ പട്ടണവും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ഇവിടെ മാര്‍പ്പാപ്പയുടെ ഊന്നല്‍ പരിസ്ഥിതി സംരക്ഷണത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പസഫിക് രാഷ്ട്രത്തില്‍ വനനശീകരണം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

1989ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സന്ദര്‍ശിച്ചപ്പോള്‍ കുര്‍ബാന അര്‍പ്പിച്ച ടാസി ടോളിയിലെ അതേ വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും കുര്‍ബാന അര്‍പ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.