വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഏഷ്യ-പസഫിക് അപ്പോസ്‌തോലിക പര്യടനത്തിന്റെ ആദ്യ ലക്ഷ്യസ്ഥാനമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പ വിമാനമിറങ്ങി. ഇന്നലെ വൈകുന്നേരം റോമില്‍ നിന്നു യാത്ര തിരിച്ച മാര്‍പാപ്പ ഇന്നു രാവിലെ പതിനൊന്നരയ്ക്കാണ് രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയിലെ സോകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
മാര്‍പാപ്പയുടെ പ്രായം തന്നെയാണ് ഈ യാത്രയ്ക്ക് വാര്‍ത്താപ്രാധാന്യം നല്‍കുന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയതും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ സന്ദര്‍ശനമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ നാലു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശനത്തില്‍ ഡിസംബറില്‍ 88 തികയുന്ന മാര്‍പാപ്പ വീല്‍ ചെയറില്‍ സഞ്ചരിക്കുക 32,814 കിലോമീറ്ററാണ്. മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. ഈ പ്രായത്തില്‍ മറ്റൊരു മാര്‍പാപ്പയും ഇത്രയും ദൈര്‍ഘ്യമേറിയ വിദേശപര്യടനം നടത്തിയിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ കര്‍ശനമായ സുരക്ഷ വലയത്തിലും ഉഷ്മളമായ സ്വീകരണമാണ് പാപ്പയ്ക്കായി ഒരുക്കിയിരുന്നത്. വിശ്വാസികളും അല്ലാത്തവരുമായി നിരവധി പേരാണ് വിമാനത്താവളത്തില്‍ മാര്‍പാപ്പയെ കാണാന്‍ എത്തിയത്. നഗരത്തില്‍ സ്ഥാപിച്ച വലിയ ഇലക്ട്രിക് ബില്‍ബോര്‍ഡുകളില്‍ മാര്‍പാപ്പയ്ക്കുള്ള സ്വാഗത സന്ദേശം പ്രദര്‍ശിപ്പിച്ചു.
മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുക്കിയ ഇലക്ട്രിക് ബില്‍ബോര്‍ഡ്
പാപ്പയുടെ വരവിന്റെ ഭാഗമായി കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാല് ദിവസത്തെ സന്ദര്‍ശനത്തിലുടനീളം 9,000 പോലീസുകാരും സൈനിക ഉദ്യോഗസ്ഥരും വിന്യസിക്കും. ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഡോക്ടറും രണ്ട് നഴ്‌സുമാരും പാപ്പയെ അനുഗമിക്കുന്നുണ്ട്.
നാളെ(ബുധനാഴ്ച്ച)യാണ് മാര്‍പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക. ജക്കാര്‍ത്തയിലെ പ്രധാന കത്തോലിക്കാ ആരാധനാലയമായ ഔവര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ കത്തീഡ്രലും ഇസ്തിഖ്ലാല്‍ മോസ്‌കും പാപ്പ സന്ദര്‍ശിക്കും.
സെപ്റ്റംബര്‍ ആറുവരെ നീളുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തില്‍ മതാന്തരസംവാദം, എക്യുമെനിസം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔവര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ കത്തീഡ്രലും ഇസ്തിഖ്ലാല്‍ മോസ്‌കും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. മതസൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ രണ്ട് ആരാധനാലയങ്ങളെയും ബന്ധിപ്പിച്ച് ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് 'സൗഹൃദത്തിന്റെ തുരങ്കം' എന്ന് വിളിപ്പേരുള്ള ഭൂഗര്‍ഭതുരങ്കം പുനര്‍നിര്‍മ്മിക്കാന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഉത്തരവിട്ടിരുന്നു. 2020-ല്‍ അംഗീകാരം ലഭിച്ച ഈ പദ്ധതി പൂര്‍ത്തിയായെങ്കിലും ജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഈ തുരങ്കം പാപ്പ സന്ദര്‍ശിക്കും.
മസ്ജിദിലെ പ്രതിനിധികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോക്കോ വിഡോഡോയെയും കാണും. 70,000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ മൂന്ന് ശതമാനമാണ് കാത്തോലിക്ക വിശ്വാസികള്‍.
ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിലൂടെ ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള സംഭാഷണവും സൗഹൃദവും ആഴത്തിലാക്കുകയാണ് പാപ്പയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു..
ഇന്തോനേഷ്യ കൂടാതെ പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ രാജ്യങ്ങളാണ് രണ്ടാഴ്ചകൊണ്ട് സന്ദര്‍ശിക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനമാണിത്. സെപ്റ്റംബര്‍ 13ന് റോമില്‍ തിരിച്ചെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.