വാഷിങ്ടണ്‍: ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. കാര്‍പൂളിങ് ആപ്പ് വഴി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.
അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാ മധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി കാറിന് തീപിടിക്കുകയും നാലുപേരുടെയും ശരീരം കത്തിയെരിയുകയുമായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഷെയ്ക്കും. ബെന്റണ്‍വില്ലില്‍ താമസിക്കുന്ന ഭാര്യയെ കാണാന്‍ പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി യുഎസില്‍ ജോലി ചെയ്തിരുന്ന ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള തന്റെ അമ്മാവനെ കാണാനായി പോകുന്ന യാത്രയിലായിരുന്നു.
കാര്‍പൂളിങ് ആപ്പ് വഴി ബുക്ക് ചെയ്തതിനാലാണ് ഇവരെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിച്ചത്. എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ് എല്ലുകളും പല്ലും മാത്രമായിരുന്നു ബാക്കി. അതിനാലാനാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
മൂന്ന് ദിവസം മുമ്പ് തന്റെ മകളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ദര്‍ശിനിയുടെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്തുകൊണ്ട് എക്സില്‍ പോസ്റ്റിട്ടിരുന്നു.
'പ്രിയപ്പെട്ട സര്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ - T-6215559 കൈവശമുള്ള എന്റെ മകള്‍ ദര്‍ശിനി വാസുദേവന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെക്സസിലാണ് താമസം. രണ്ട് വര്‍ഷത്തെ എംഎസ് പഠനത്തിന് ശേഷം ഒരു വര്‍ഷമായി അവിടെ ജോലി ചെയ്യുകയാണ്. ഇന്നലെ വൈകുന്നേരം അവള്‍ കാര്‍പൂളിങ് വഴി യാത്ര ചെയ്തിരുന്നു. ഏകദേശം മൂന്ന് മണി മുതല്‍ വൈകുന്നേരം നാല് മണി വരെ അവള്‍ മെസേജ് അയയ്ക്കുകയും പിന്നീട് ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു വിവരവുമില്ല', എന്നാണ് അദേഹം ട്വീറ്റ് ചെയ്തത്. പക്ഷേ അദ്ദേഹത്തെ തേടിയെത്തിയത് മകളുടെ മരണവാര്‍ത്തയായിരുന്നു.
മാക്സ് അഗ്രി ജനറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉടമ സുഭാഷ് ചന്ദ്ര റെഡ്ഡിയുടെ മകനാണ് ആര്യന്‍ രഘുനാഥ് ഒരമ്പട്ടി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യന്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. അടുത്തിടെയാണ് ടെക്സസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്യന്റെ മാതാപിതാക്കളും എത്തിയിരുന്നു.
രണ്ട് വര്‍ഷം കൂടി യുഎസില്‍ ജോലി ചെയ്ത ശേഷം നാട്ടിലെത്താമെന്നായിരുന്നു അന്ന് മകന്‍ പറഞ്ഞതെന്നും പക്ഷേ, വിധി ഇങ്ങനെയായെന്നും ആര്യന്റെ പിതാവ് പറയുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഫാറൂഖ് ഷെയ്ക്ക്. തമിഴ്നാട് സ്വദേശിനിയായ ദര്‍ശിനി ടെക്സസിലെ ഫ്രിസ്‌കോയിലാണ് താമസിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.