മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലേക്ക്; അജപാലന സന്ദര്‍ശനം സെപ്റ്റംബര്‍ 11 മുതല്‍

മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലേക്ക്; അജപാലന സന്ദര്‍ശനം സെപ്റ്റംബര്‍ 11 മുതല്‍

ഷൈമോന്‍ തോട്ടുങ്കല്‍

ബിര്‍മിങ് ഹാം: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാ തലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

സെപ്റ്റംബര്‍ 11 ന് ഹീത്രു വിമാനത്താവളത്തില്‍ എത്തുന്ന മാര്‍ റാഫേല്‍ തട്ടിലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 12-ന് റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപത പ്രിസ്ബെറ്റേറിയത്തില്‍ പങ്കെടുത്ത് സംസാരിക്കും.

15 ന് വൂള്‍വര്‍ ഹാംപ്ടണില്‍ നടക്കുന്ന, 1500-ല്‍ പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഹന്തൂസാ' എസ്.എം.വൈ.എം കണ്‍വന്‍ഷന്‍ ഉദ്ഘാടനവും 16 ന് ബിര്‍മിങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്ഥാനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. 21 ന് ബിര്‍മിംഗ് ഹാമിലെ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിമന്‍സ് ഫോറം വാര്‍ഷിക കണ്‍വന്‍ഷന്റെ 'THAIBOOSA' ഉദ്ഘാടനവും നിര്‍വഹിക്കും. ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാ കര്‍മ്മവും രൂപതയിലെ വിവിധ റീജിയനുകളിലെയായി പതിനേഴ് പുതിയ മിഷന്‍ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും പിതാവ് നിര്‍വഹിക്കും. ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോയുമായും വെസ്റ്റമിന്‍സ്റ്റെര്‍ ആര്‍ച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനത്തിന് ഒരുക്കമായി രൂപത/ഇടവക/മിഷന്‍ തലങ്ങളില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.