ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുത്ത് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചതായും ഐഎസ്എസിൽ നിന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ ഇത് തങ്ങളുടെ കടമയാണെന്ന് ബുച്ച് വിൽമോർ പറയുന്നു. ഓരോ വ്യക്തികളുടേയും പങ്ക് ഈ തിരഞ്ഞെടുപ്പിൽ വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശ നിലയത്തിലാണെങ്കിൽ കൂടിയും നാസ തങ്ങൾക്കത് വളരെ എളുപ്പമാക്കി തന്നുവെന്നും വിൽമോർ കൂട്ടിച്ചേർത്തു. വളരെ പ്രധാനപ്പെട്ട കടമയാണ് തിരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തലെന്ന് സുനിത വില്യംസും പറഞ്ഞു.
ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണെന്നും അത് വളരെ രസകരമായിരിക്കുമെന്നും സുനിത പറയുന്നു. വരുന്ന നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലാണ് മത്സരം.
തനിക്ക് വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും ബഹിരാകാശത്ത് തുടരുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും സുനിത വില്യംസ് പറഞ്ഞു. ” സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാർ എന്ന നിലയിൽ ഇവിടെ ഒരു വർഷത്തോളം തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഒരുപക്ഷേ മടക്കയാത്ര വൈകിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. ഈ രംഗത്ത് കാര്യങ്ങളെല്ലാം അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും” സുനിത വില്യംസ് പറയുന്നു.
നാട്ടിൽ നിന്ന് തങ്ങൾക്കായി നിരവധിപ്പേർ പ്രാർത്ഥിക്കുന്നതും ആശംസിക്കുന്നതും വളരെ അധികം വിലമതിക്കുന്നുണ്ടെന്നും, പല ബുദ്ധിമുട്ടുകളേയും നേരിടാൻ ഇത് തങ്ങൾക്ക് സഹായകമാകുന്നുണ്ടെന്നും ഇരുവരും പറയുന്നു. അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നത് നഷ്ടപ്പെടുന്നതായി സുനിത വില്യംസും ഇളയ മകളുടെ അവസാന വർഷ പരീക്ഷയിൽ ഒപ്പമുണ്ടാകില്ലെന്ന സങ്കടം ബുച്ച് വിൽമോറും പങ്കുവച്ചു. തങ്ങൾക്ക് സ്റ്റേഷനിൽ ഇനിയും നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും വിൽമോർ പറയുന്നു.
ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനറിൽ സുനിത വില്യംസും ബുച്ച് വിൽമോറും പരീക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ഐഎസ്എസിൽ എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും യാത്ര തിരിച്ചതെങ്കിലും പേടകത്തിൽ കണ്ടെത്തിയ തകരാറുകൾ മൂലം ഇരുവരുടേയും യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം യാത്രക്കാരില്ലാതെ പേടകത്തെ തിരികെ എത്തിച്ചു. സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമാകില്ലെന്ന നാസ വിലയിരുത്തലിന് പിന്നാലെയാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ തുടരാൻ തീരുമാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.