ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹ പൊതുദര്‍ശനം പാര്‍ട്ടി ദേശീയ ആസ്ഥാനമായ എകെജി ഭവനില്‍ തുടരുന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ശരദ് പവാര്‍, മനീഷ് സിസോദിയ, ജയറാം രമേശ്, രമേശ് ചെന്നിത്തല, കനിമൊഴി, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളും എകെജി ഭവനിലെത്തി. നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തുന്നത്.
മുദ്രാവാക്യം മുഴക്കിയാണ് നേതാക്കള്‍ സഖാവിന് അന്ത്യാജ്ഞലി അര്‍പ്പിക്കുന്നത്. വൈകാതെ വിലാപ യാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറും.
രാവിലെ എകെജി ഭവനിലെത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പി.ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
ശ്വാസകോശ അണു ബാധയെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 12 ന് ഉച്ചകഴിഞ്ഞായിരുന്നു യെച്ചൂരിയുടെ അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കടുത്ത് തീവ്രപരിചരണ വിഭാഗത്തിലാക്കി. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സീമാ ചിത്സിയും മകളും പ്രഭാഷകയുമായ ഡോ.അഖിലയും അന്തരിച്ച മകന്‍ ആശിഷിന്റെ ഭാര്യ സ്വാതിയും അവസാന സമയത്ത് അടുത്തുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.