കെജരിവാള്‍ രാജി വെച്ചാല്‍ അടുത്ത ഡല്‍ഹി മുഖ്യമന്ത്രി ആര്?.. അതിഷിക്ക് നറുക്ക് വീഴുമോ?

കെജരിവാള്‍ രാജി വെച്ചാല്‍ അടുത്ത ഡല്‍ഹി മുഖ്യമന്ത്രി ആര്?.. അതിഷിക്ക് നറുക്ക് വീഴുമോ?

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജരിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെ ആരാകും അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സജീവം.

രണ്ട് ദിവസത്തിനുള്ളില്‍ താന്‍ രാജിവെയ്ക്കുമെന്നും ഇനി ജനവിധി അറിഞ്ഞാലെ മുഖ്യമന്ത്രിപദത്തിലേക്ക് തിരികെ വരികയുള്ളൂവെന്നുമാണ് കെജരിവാള്‍ വ്യക്തമാക്കിയത്.

കെജരിവാള്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമന്‍ മനീഷ് സിസോദിയ ആണ്. എന്നാല്‍ മദ്യനയക്കേസില്‍ ജയിലില്‍ കിടന്ന സിസോദിയയും ജനവിധി അറിയാതെ മന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ഡല്‍ഹിയെ നയിക്കാന്‍ വനിത മുഖ്യമന്ത്രി എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അതിഷി മര്‍ലേനയുടെ പേരാണ് ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയയും അരവിന്ദ് കെജരിവാളും ജയിലില്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടിയെ നയിച്ചത് അതിഷിയായിരുന്നു. മാത്രമല്ല, കെജരിവാളുമായും സിസോദിയയുമായും നല്ല ബന്ധത്തിലുമാണവര്‍.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്ന അതിഷി ആം ആദ്മിയെ രൂപപ്പെടുത്തുന്നതില്‍ തന്നെ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ്. കല്‍ക്കജ് മണ്ഡലത്തില്‍ നിന്നാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ സര്‍ക്കാരില്‍ ധനകാര്യം, ആസൂത്രണം, പൊതുമരാമത്ത് , ജലം, വൈദ്യുതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടിടിഇ, പബ്ലിക് റിലേഷന്‍സ്, വിജിലന്‍സ് എന്നിങ്ങനെ നിരവധി സുപ്രധാന വകുപ്പുകള്‍ അതിഷിയാണ് കൈകാര്യം ചെയ്യുന്നത്. ഏകദേശം പതിനൊന്നോളം വകുപ്പുകളാണ് അതിഷിക്ക് കീഴിലുള്ളത്.

2023 ലെ പുനസംഘടനയിലാണ് അതിഷി മന്ത്രിസഭയില്‍ ഇടംപിടിച്ചത്. വിവിധ കേസുകളില്‍ അറസ്റ്റിലായതിന് പിന്നാലെ സിസോദിയയും മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും രാജി വെച്ചതിന് തുടര്‍ന്നായിരുന്നു അതിഷി മന്ത്രിസഭയില്‍ എത്തിയത്.

കെജരിവാള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ പാര്‍ട്ടിയുടെ നിര്‍ണായക ചുമതലകളെല്ലാം വഹിച്ചിരുന്നതും അതിഷിയായിരുന്നു.
ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ കെജരിവാളിന്റെ രാജിക്ക് പിന്നാലെ ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിച്ച് അതിഷി രംഗത്തെത്തി.ബിജെപിക്ക് തിരഞ്ഞെടുപ്പിനെ ഭയമാണെന്ന് അവര്‍ ആഞ്ഞടിച്ചു.

'കഴിഞ്ഞ രണ്ട് വര്‍ഷമായി എഎപിയെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും ബിജെപി വിട്ടിട്ടില്ല .ആയിരക്കണക്കിന് റെയ്ഡുകള്‍ നടത്തിയെങ്കിലും അഴിമതിയുടെ ഒരു തെളിവ് പോലും ബിജെപിക്ക് കണ്ടെത്താനായിട്ടില്ല. തിരഞ്ഞെടുപ്പിനെ ബിജെപി ഭയപ്പെടുകയാണ്. കെജരിവാളിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ ജനങ്ങള്‍ രോഷാകുലരാണെന്ന് അവര്‍ക്ക് അറിയാം.

ജനങ്ങളുടെ ഈ അമര്‍ഷം തിരഞ്ഞെടുപ്പില്‍ പ്രകടമാവും എന്നതിനാലാണ് അവര്‍ക്ക് തിരഞ്ഞെടുപ്പ് വേണ്ടാത്തത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നല്‍കില്ല. 70 ല്‍ 70 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കും'- അതിഷി പറഞ്ഞു.

ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഈ നവംബറില്‍ തന്നെ ഡല്‍ഹിയും തിരഞ്ഞെടുപ്പ് വേണമെന്നാണ് ആം ആദ്മി ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.