വത്തിക്കാന്‍ സിറ്റി: കര്‍ത്താവിനെ അറിയുക എന്നതുപോലെതന്നെ അവിടുത്തെ അനുഗമിക്കുക എന്നതും തുല്യ പ്രാധാന്യമുള്ള കാര്യമാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിനെ അനുഗമിക്കുകയും സുവിശേഷത്തിന് അനുസൃതമായി ജീവിതം രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ മാനസാന്തരത്തിലേക്ക് നാം കടന്നുവരുന്നത് - പാപ്പാ കൂട്ടിച്ചേര്‍ത്തു.
ആരാധനക്രമമനുസരിച്ചുള്ള ഞായറാഴ്ചത്തെ സുവിശേഷ വായനയെ (മര്‍ക്കോസ് 8:27 - 35) അടിസ്ഥാനമാക്കി വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. 'ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?' എന്ന യേശുവിന്റെ ചോദ്യത്തിന് 'നീ ക്രിസ്തുവാണ്' എന്ന് മറുപടി പറഞ്ഞുകൊണ്ട് പത്രോസ് കൃത്യമായ ഉത്തരം നല്‍കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം, തന്റെ പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് യേശു സംസാരിച്ചപ്പോള്‍ പത്രോസ് അവിടുത്തെ മാറ്റിനിര്‍ത്തി തടസം പറയാന്‍ തുടങ്ങി. അപ്പോള്‍ അവനെ ശാസിച്ചുകൊണ്ട് യേശു പറഞ്ഞു: 'സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'.
ശരിയായ ഉത്തരമാണ് പത്രോസ് ആദ്യം നല്‍കിയതെങ്കിലും അവന്റെ ചിന്താഗതികള്‍ അപ്പോഴും മാനുഷികമായിരുന്നു. സഹനത്തിനും മരണത്തിനും അതീതനായ, ശക്തനും വിജയശാലിയുമായ മിശിഹായെയാണ് പത്രോസ് ആഗ്രഹിച്ചത് - പരിശുദ്ധ പിതാവ് വിശദീകരിച്ചു.
യേശുവിനെ ശരിയായി അറിയുക
കര്‍ത്താവിനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസിലാക്കാനും ഒരുപക്ഷേ ശരിയായി പ്രത്യുത്തരിക്കാനും നമുക്ക് കഴിയുന്നുണ്ടായിരിക്കാം. ക്രിസ്തീയ പ്രബോധനങ്ങളെക്കുറിച്ച് നാം അറിവുള്ളവരായിരിക്കാം. പ്രാര്‍ത്ഥനകള്‍ ശരിയായ രീതിയില്‍ നാം ചൊല്ലുന്നുണ്ടായിരിക്കാം. 'യേശു എനിക്ക് ആരാണ്' എന്ന ചോദ്യത്തിന് ശരിയായ ഉത്തരവും നാം നല്‍കിയേക്കാം. എന്നാലും, ലൗകികമായ ചിന്താഗതികളാണ് നമ്മില്‍ നിലനില്‍ക്കുന്നതെങ്കില്‍ ദൈവത്തിന്റെ വഴികളോട് കൂടുതല്‍ തുറവിയുള്ളവരാകാനും അവിടുത്തെ യഥാര്‍ത്ഥത്തില്‍ അനുഗമിക്കാനും നമുക്ക് ഇനിയും മാനസാന്തരം ആവശ്യമുണ്ട്. നമ്മുടെ ഹൃദയങ്ങളും മനസുകളും സ്പര്‍ശിക്കാന്‍ കര്‍ത്താവിനെ നാം അനുവദിക്കണം. അവിടുത്തെ സുവിശേഷമനുസരിച്ച് നമ്മെത്തന്നെ രൂപപ്പെടുത്തണം - പാപ്പാ പറഞ്ഞു.
കര്‍ത്താവിനെ ശരിയായി അറിയണമെങ്കില്‍ നമുക്ക് അവിടുത്തോടു വ്യക്തിബന്ധം ഉണ്ടായിരിക്കണമെന്ന് മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു. വ്യക്തിബന്ധത്തോടെ നാം കര്‍ത്താവിനെ കണ്ടുമുട്ടുമ്പോള്‍ അത് നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിക്കും. യേശുവിനെ ശരിയായി അറിയുമ്പോള്‍ നമ്മുടെ ചിന്താഗതികള്‍, സഹോദരരുമായുള്ള നമ്മുടെ ബന്ധങ്ങള്‍, ക്ഷമിക്കാനും അംഗീകരിക്കാനുമുള്ള സന്നദ്ധത, ജീവിതത്തിലെ നമ്മുടെ തെരഞ്ഞെടുപ്പുകള്‍ എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുമെന്ന് പാപ്പ പറഞ്ഞു.
യേശു എനിക്ക് ആരാണ് ?
നാസി ഭീകരതയുടെ ഇരയായിത്തീര്‍ന്ന ദൈവശാസ്ത്രജ്ഞനും ലൂതറന്‍ പാസ്റ്ററുമായിരുന്ന ദിയെത്രിച്ച് ബോണ്‍ഹോഫറിന്റെ സാക്ഷ്യം മാര്‍പാപ്പ അനുസ്മരിച്ചു. ക്രിസ്തുമതം ലോകത്തില്‍ വഹിക്കേണ്ട നിര്‍ണായക പങ്കിനെക്കുറിച്ചും 'ക്രിസ്തു നമുക്ക് ആരാണ്' എന്നു സ്വയം ചോദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജയിലില്‍ നിന്നുള്ള തന്റെ കത്തുകളില്‍ അദ്ദേഹം എഴുതിയിരുന്നു. കര്‍ത്താവിനെ അറിയുന്നതിനും അനുഗമിക്കുന്നതിനുമായുള്ള വളരെ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ഈ ചോദ്യം ഇന്ന് പലരും തങ്ങളോടുതന്നെ ചോദിക്കുന്നില്ലെന്ന് ആ കത്തുകളില്‍ അദ്ദേഹം വിലപിക്കുന്നുണ്ട്.
നമ്മുടെ ജീവിതത്തില്‍ യേശു ആരാണ് എന്ന് സ്വയം ചോദിക്കണമെന്നും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താനും മാറ്റിമറിക്കാനും കഴിയുന്ന കര്‍ത്താവിനെ വ്യക്തിപരമായി കണ്ടുമുട്ടാന്‍ തക്കവിധം നമ്മുടെ മനസ് തുറവിയുള്ളതായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഇതിനുവേണ്ടിയുള്ള പരിശ്രമത്തില്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.