കാലിഫോര്‍ണിയ: സൂര്യനില്‍ നിന്ന് അതിശക്തമായ സൗര ജ്വാലയുണ്ടായതായി നാസ. സൂര്യന്‍ തീ തുപ്പുന്ന ചിത്രം സഹിതമാണ് നാസ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് ഈസ്റ്റേണ്‍ ടൈം രാവിലെ 11.29 നായിരുന്നു സൗരജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററിയാണ് അതിശക്തമായ സൗര ജ്വാലയുടെ ചിത്രം പകര്‍ത്തിയത്.
എക്‌സ് ക്ലാസിലുള്ള എക്‌സ് 4.5 വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും ശക്തമായ സൗര ജ്വാലയാണിത്. സൗര ജ്വാലകള്‍ അതിശക്തമായ റേഡിയേഷന്‍ പുറപ്പെടുവിക്കാറുണ്ട്. ഇവ സാധാരണയായി ഭൂമിയുടെ അന്തരീക്ഷം കടന്ന് മനുഷ്യന് നേരിട്ട് ആഘാതമേല്‍പ്പിക്കാറില്ലെങ്കിലും ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍, റേഡിയോ സംപ്രേഷണം, പവര്‍ഗ്രിഡുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്.
അതിനാലാണ് നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി സൂര്യനെയും സൗര ജ്വാലകളെയും കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുന്നത്. സൂര്യന്റെ അന്തര്‍ ഭാഗത്തെയും അന്തരീക്ഷത്തെയും മാഗ്നറ്റിക് ഫീല്‍ഡിനെയും ഊര്‍ജ പ്രവാഹത്തെയും കുറിച്ചാണ് സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പഠിക്കുന്നത്.
2010 ഫെബ്രുവരി 11 നാണ് ഇത് വിക്ഷേപിച്ചത്. സൂര്യന്‍ ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് അപകടമായി മാറുന്നുണ്ടോയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററിക്ക് കഴിയും.
മുമ്പ് ജൂലൈ 13 ന് സൂര്യനില്‍ നിന്ന് ശക്തമായ സൗര ജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്‌ലാഷ് ലൈറ്റ് പോലെ സൗര ജ്വാല പ്രത്യക്ഷപ്പെടുന്നത് അന്ന് സോളാര്‍ ഡൈനാമിക്സ് ഒബസെര്‍വേറ്ററി പകര്‍ത്തിയ ചിത്രത്തിലുണ്ടായിരുന്നു.
സൗര ജ്വാലയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്‌നലിന് തടസം നേരിടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.