മകളുടെ ജീവനെടുത്തത്‌ അമിത ജോലി ഭാരമാണെന്ന അമ്മയുടെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

മകളുടെ ജീവനെടുത്തത്‌ അമിത ജോലി ഭാരമാണെന്ന അമ്മയുടെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

മുംബൈ: കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകളായ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസ സ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.

'അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'- കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്‌സില്‍ കുറിച്ചു. വൈക്കം സ്വദേശിനിയായ യുവതിയുടെ മരണം സംബന്ധിച്ച് തൊഴില്‍വകുപ്പ് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്നും അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും ആരോപിച്ച് യുവതിയുടെ അമ്മ പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് ചർച്ചയായിരുന്നു.

'അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്‌കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കുന്നത് ഒഴിവാക്കി അവരെ പരിഗണിക്കുന്ന നിലയിലേക്ക് മാറണം. എന്റെ മകളുടെ മരണം ഉണരാനുള്ള ഒരു കോള്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു'- അന്ന സെബാസ്റ്റ്യന്റെ അമ്മ അനിതാ അഗസ്റ്റിന്റെ കത്തില്‍ പറയുന്നു.

അതേ സമയം അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.