രണ്ട് പതിറ്റാണ്ടോളം ചൈനയില്‍ തടവിലായിരുന്ന അമേരിക്കന്‍ പാസ്റ്റര്‍ മോചിതനായി

രണ്ട് പതിറ്റാണ്ടോളം ചൈനയില്‍ തടവിലായിരുന്ന അമേരിക്കന്‍ പാസ്റ്റര്‍ മോചിതനായി

വാഷിങ്ടണ്‍: കഴിഞ്ഞ 20 വര്‍ഷത്തോളം ചൈനയിലെ ജയിലിലായിരുന്ന അമേരിക്കക്കാരനായ പാസ്റ്റര്‍ ഡേവിഡ് ലിന്‍ മോചിതനായി. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ലിന്‍ അമേരിക്കയില്‍ തിരിച്ചെത്തിയ വിവരം സ്ഥിരീകരിച്ചത്.

1990-കള്‍ മുതല്‍ മതപ്രചാരണത്തിനായി ചൈന സന്ദര്‍ശിച്ചിരുന്ന ലിന്‍ 2006-ലാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ലൈസന്‍സില്ലാതെ പള്ളി പ്രവര്‍ത്തിപ്പിച്ചെന്നായിരുന്നു കുറ്റമെങ്കിലും 2009-ല്‍ കരാര്‍ തട്ടിപ്പാരോപിച്ച് കോടതി ഇദ്ദേഹത്തെ ജീവപര്യന്തം തടവിനു വിധിച്ചു. ചൈനയില്‍ എല്ലാ ക്രിസ്ത്യന്‍ പള്ളികളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമമുണ്ട്.

ഡേവിഡ് ലിന്‍ ബീജിങ്ങില്‍ ഒരു ക്രിസ്ത്യന്‍ പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്തരം പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല.

യു.എസ് പൗരന്മാരെ ചൈന തടങ്കലില്‍ വച്ചത് തെറ്റാണെന്ന് ബൈഡന്‍ ഭരണകൂടം ചൂണ്ടിക്കാട്ടുകയും രാജ്യത്തെ കഠിനമായ നീതിന്യായ വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. സമാന രീതിയില്‍ റഷ്യയിലും വെനസ്വലേയിലും അമേരിക്കന്‍ പൗരന്മാര്‍ തെറ്റായി തടവിലാക്കപ്പെട്ടെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡേവിഡ് ലിന്നിന്റെ മോചനം സ്ഥിരീകരിച്ചു. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ലിന്നിന് തന്റെ കുടുംബത്തെ കാണാന്‍ അവസരം ലഭിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.

പിതാവ് യു.എസിലേക്ക് തിരിച്ചെത്തിയതായി മകള്‍ ആലീസ് ഇ-മെയിലിലൂടെ അറിയിച്ചു. അര്‍ധരാത്രിയില്‍ ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു, അദ്ദേഹത്തെ വീട്ടിലെത്തിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മകള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.