സംവരണ വിഷയം: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാന്‍ ബിജെപി സമ്മര്‍ദം ചെലുത്തിയതായി അംബേദ്കറുടെ ചെറുമകന്‍ ഡോ. രാജ് രത്‌ന

സംവരണ വിഷയം: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാന്‍ ബിജെപി സമ്മര്‍ദം ചെലുത്തിയതായി അംബേദ്കറുടെ ചെറുമകന്‍ ഡോ. രാജ് രത്‌ന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ബിജെപി സമ്മര്‍ദം ചെലുത്തിയതായി ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകന്‍ ഡോ. രാജ് രത്‌ന.

രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സംവരണത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതെന്ന് രാജ് രത്‌ന അംബേദ്കര്‍ വ്യക്തമാക്കി.

പ്രതിഷേധം നടത്താന്‍ ചില ബിജെപി നേതാക്കള്‍ രണ്ട് ദിവസത്തോളം തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്നും എന്നാല്‍ അത് ചെയ്യില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നിന്നതായും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അംബേദ്കറുടെ ചെറുമകന്‍ പറഞ്ഞു. തന്നോട് ആജ്ഞാപിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും അദേഹം പറഞ്ഞു.

'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാനും ധര്‍ണ നടത്താനും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്നെ സമീപിച്ചു. അവരെന്നെ രണ്ട് ദിവസം സമ്മര്‍ദത്തിലാക്കി. പക്ഷേ ഞാന്‍ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല. ഞാന്‍ അത് ചെയ്യാനും പോകുന്നില്ല. ഞാന്‍ എന്റെ പ്രസ്ഥാനം നടത്തുന്നത് സമൂഹത്തിന്റെ പണം കൊണ്ടാണ്.

അതിനാല്‍ സമൂഹത്തിന് മാത്രമേ എന്നോട് എന്തെങ്കിലും ചെയ്യാന്‍ കല്‍പ്പിക്കാനാവൂ. അല്ലാതെ, എന്നോട് ആജ്ഞാപിക്കാന്‍ ബിജെപിക്ക് കഴിയില്ല. അവരുടെ ഉത്തരവ് പ്രകാരം ഞാന്‍ ഒരു പ്രതിഷേധവും നടത്തില്ല'- തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാജ് രത്ന പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെ അദേഹം പിന്തുണയ്ക്കുകയും ചെയ്തു. ആരാണ് ശരിയായ അംബേദ്കറൈറ്റ്? അവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ച രാജ് രത്ന, വാസ്തവത്തില്‍ അത് തന്നെയാണ് തങ്ങളും പറയുന്നതെന്നും ചൂണ്ടിക്കാട്ടി.

'സാമൂഹിക വിവേചനം നിലനില്‍ക്കുന്നതു വരെ സംവരണം ഉണ്ടായിരിക്കണം. സംവരണം ഉപേക്ഷിക്കാനും പട്ടികയില്‍ നിന്ന് പുറത്തു കടക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പുറത്തിറങ്ങാനുള്ള സമയമായോ? ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്'- അദ്ദേഹം വിശദമാക്കി.

'ഞാന്‍ രാഹുല്‍ ഗാന്ധിയുടെ അനുഭാവിയല്ല. അതുപോലെ കോണ്‍ഗ്രസിന്റെ അനുയായിയും അല്ല. ഈ വിഷയത്തില്‍ ഞാനെന്തിന് രാഹുലിനെ എതിര്‍ക്കണം? എന്നെ സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്.

എന്തടിസ്ഥാനത്തിലാണ് ഒരാള്‍ പ്രതിഷേധം നടത്തേണ്ടത് എന്നതില്‍ വ്യക്തത വേണം'- രാജ് രത്ന പറഞ്ഞു. രാജ് രത്നയുടെ വീഡിയോ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

'ഇദേഹം ബാബാ സാഹെബിന്റെ കൊച്ചു മകനാണ്- ഡോ. രാജ് രത്ന അംബേദ്കര്‍. സംവരണത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബിജെപി സമ്മര്‍ദത്തിലാക്കിയത് എങ്ങനെയെന്ന് അദേഹം വ്യക്തമായി പറയുന്നു.

എന്നാല്‍ യഥാര്‍ഥ അംബേദ്കറൈറ്റ് ആയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ അദേഹം തെറ്റൊന്നും കണ്ടില്ല. രാഹുല്‍ ഗാന്ധി 50 ശതമാനം സംവരണ പരിധി അവസാനിപ്പിക്കും'- അവര്‍ എക്‌സില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.