അമേരിക്ക 58 കോടി തലയ്‌ക്ക് വിലയിട്ട ഭീകരൻ ഇബ്രാഹിം അക്വിലിന്റെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള

അമേരിക്ക 58 കോടി തലയ്‌ക്ക് വിലയിട്ട ഭീകരൻ ഇബ്രാഹിം അക്വിലിന്റെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള

ബെയ്‌റൂട്ട്: മുതിർന്ന കമാൻഡർ ഇബ്രാഹിം അക്വിലിന്റെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ഭീകരർ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ നടത്തിയ തിരിച്ചടിയിലാണ് കമാൻഡർ കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടിന് സമീപം നടത്തിയ വ്യോമാക്രമണത്തിലാണ് ഇബ്രാഹിം അക്വിലിനെ കൊലപ്പെടുത്തിയത്. 2006 ന് ശേഷം ലെബനനിൽ ഇസ്രായേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മഹാനായ ജിഹാദി നേതാവെന്നാണ് ഇബ്രാഹിം അക്വിലിനെ ഹിസ്ബുള്ള വിശേഷിപ്പിക്കുന്നത്. ത്യാഗങ്ങളും വെല്ലുവിളികളും വിജയങ്ങളും എല്ലാം നിറഞ്ഞ ജീവിതത്തിനൊടുവിൽ രക്തസാക്ഷികളായി മാറിയ തന്റെ സഹോദരന്മാരോടൊപ്പം അക്വിലും ചേർന്നുവെന്നാണ് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ എലൈറ്റ് റദ്വാൻ ഫോഴ്‌സിന്റെ തലവനായിരുന്നു അക്വിൽ. കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എലൈറ്റ് റദ്വാൻ ഫോഴ്‌സിന്റെ ഓപ്പറേഷൻ ചീഫായ ഫുവാദ് ഷുക്കറും കൊല്ലപ്പെട്ടിരുന്നു. ലെബനന്റെ കിഴക്കൻ നഗരമായ ബാൽബെക്കിൽ ജനിച്ച അക്വിൽ 1980ലാണ് ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്. ലെബനനിലും സിറിയയിലും നടന്ന പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

2015ൽ അക്വിലിനെ കൊടുംകുറ്റവാളിയായി അമേരിക്ക പ്രഖ്യാപിച്ചു. അക്വിലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് 7 മില്യൺ ഡോളർ (58 കോടി) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.