ടെല്‍ അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കുട്ടികള്‍ ഉള്‍പ്പെടെ 492 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനന്‍ ജനതയ്ക്ക് മുന്നറിയിപ്പമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ പോരാട്ടം ലെബനനോ അവിടുത്തെ ജനങ്ങള്‍ക്കോ എതിരല്ലെന്നും മറിച്ച് ജനങ്ങളെ മനുഷ്യ കവചമാക്കുന്ന ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 500ഓളം പേര്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമാണ് ലെബനന്‍ ജനതയെ അഭിസംബോധന ചെയ്ത് നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നത്.
ലെബനനിലെ ജനങ്ങളോട് ഒരു സന്ദേശം കൈമാറാന്‍ ആഗ്രഹിക്കുന്നു. ഈ പോരാട്ടം ഒരിക്കലും ലെബനനിലെ സാധാരണക്കാരായ ജനങ്ങളോടല്ല. മറിച്ച് അവരുടെ വീടുകളിലെല്ലാം മിസൈലുകള്‍ വയ്ക്കുന്ന ഹിസ്ബുള്ള ഭീകരര്‍ക്കെതിരായിട്ടാണ്. വളരെ നാളുകളായി ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. നിങ്ങളുടെ വീടുകള്‍ക്കുള്ളില്‍ അവര്‍ മിസൈലുകള്‍ വയ്ക്കുന്നു. ആ മിസൈലുകളാണ് ഇസ്രയേലിലെ നഗരങ്ങളെ ലക്ഷ്യമിട്ട് എത്തുന്നത്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ നിന്ന് ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആയുധം പുറത്തെടുത്തേ മതിയാകൂ.
നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന് ഭീഷണിയാകാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്. ലെബനന് ഒരു ഭീഷണിയായി വളരാനും അവരെ അനുവദിക്കരുത്. ദയവായി നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. ഈ ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍ ഉടനെ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക് തിരികെ വരാന്‍ സാധിക്കും. ഇതിനെ ഗൗരവത്തോടെ കാണണം. ഹിസ്ബുള്ള ഭീകരരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അപകടത്തിലാക്കരുത്. ഇസ്രയേല്‍ പ്രതിരോധ സേനയും ലെബനനിലെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരണം 492 ആയി. 1,645-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലക്ഷ്യം നേരിടും വരെ ആക്രണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. 1975-90 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയ ആക്രമണമാണിത്. സംഘര്‍ഷം രൂക്ഷമായതോടെ തെക്കന്‍ തുറമുഖനഗരമായ സിദോനില്‍ ജനജീവിതം സ്തംഭിച്ചു. സിദോനില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് ഒഴുകുകയാണ്. 2006ലെ ഹിസ്ബുള്ള-ഇസ്രയേല്‍ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പലായനമാണിത്.
ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.