'യുദ്ധത്തില്‍ എല്ലാവരും പരാജിതര്‍; വിജയികള്‍ ആയുധക്കച്ചവടക്കാര്‍ മാത്രം': ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ കടുത്ത ആശങ്കയുമായി ലെബനീസ് കര്‍ദിനാള്‍

'യുദ്ധത്തില്‍ എല്ലാവരും പരാജിതര്‍; വിജയികള്‍ ആയുധക്കച്ചവടക്കാര്‍ മാത്രം': ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ കടുത്ത ആശങ്കയുമായി ലെബനീസ് കര്‍ദിനാള്‍

ബെയ്‌റൂട്ട്: ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരവെ ലെബനനില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ കടുത്ത ആശങ്കയറിയിച്ച് ലെബനീസ് കര്‍ദിനാള്‍. ആക്രമണങ്ങളില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മരോനൈറ്റ് സഭയുടെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെചര റായ്‌യുടെ പ്രതികരണം. വിവേചനരഹിതമായി കൊല്ലാന്‍ ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വിഷയത്തില്‍ ഇടപെടാനും നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനും കര്‍ദിനാള്‍ റായ് ആവശ്യപ്പെട്ടതായി ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 'യുദ്ധത്തില്‍ എല്ലാവരും പരാജിതരാണ്; വിജയികള്‍ ആയുധക്കച്ചവടക്കാര്‍ മാത്രമാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലെബനനില്‍ ഹിസ്ബുള്ള ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിച്ചിരുന്നു. ഈ ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 23ന് നടത്തിയ അടുത്ത ആക്രമണത്തില്‍ 550-ലധികം പേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലെബനന്റെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂപ്രകൃതിയെക്കുറിച്ച് അഗാധമായ ഉത്കണ്ഠയും കര്‍ദിനാള്‍ റായ് പ്രകടിപ്പിച്ചു. അതുല്യമായ ബഹുസ്വരത നിലനിന്നിരുന്ന അവസ്ഥയില്‍ നിന്ന് വിഭജന സ്വഭാവമുള്ള ഒന്നിലേക്ക് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര ഭിന്നതകളെ അതിജീവിക്കാനും യുദ്ധത്തിന്റെ പാടുകള്‍ സുഖപ്പെടുത്താനും കഴിവുള്ള, സുസ്ഥിരവും സ്വതന്ത്രവുമായ ലെബനീസ് രാഷ്ട്രം സ്ഥാപിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുകയും മന്ത്രിസഭയുടെ ഭരണഘടനാപരമായ അധികാരം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.

2022ല്‍ പ്രസിഡന്റ് മൈക്കല്‍ ഔനിന്റെ കാലാവധി കഴിഞ്ഞ ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 12 തവണ ശ്രമിച്ചെങ്കിലും പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ സമവായമായിട്ടില്ല. പരമ്പരാഗതമായി മരോനൈറ്റ് ക്രിസ്ത്യാനികള്‍ക്കാണ് പ്രസിഡന്റ് സ്ഥാനം. രാഷ്ട്രീയ അസ്ഥിരത കാരണം ലെബനന് 2022 ഒക്ടോബര്‍ മുതല്‍ പ്രസിഡന്റില്ല.

ലെബനന്‍, പലസ്തീന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ നടക്കുന്ന എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ച കര്‍ദിനാള്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കര്‍ദിനാള്‍ റായ് ആശംസിച്ചു. മിഡില്‍ ഈസ്റ്റില്‍ സമാധാനം നിലനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2021 ല്‍ ലെബനന്‍ പ്രദേശത്ത് നിന്ന് ഇസ്രയേലിനെതിരെ മിസൈലുകള്‍ വിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം കര്‍ദിനാള്‍ റായ്ക്ക് ഹിസ്ബുള്ളയില്‍ നിന്ന് വധഭീഷണി ലഭിച്ചിരുന്നു.

ബോംബാക്രമണം നടന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമണങ്ങള്‍ ബാധിച്ചിട്ടുണ്ടെന്ന് ലെബനനിലെ എസിഎന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ മാരിയെല്ലെ ബൂട്രോസ് പറഞ്ഞു. 'നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, ഇപ്പോള്‍ തെക്ക് നിന്ന് ബെയ്റൂട്ടിന്റെ മറ്റ് ഭാഗങ്ങളിലേക്കും മൗണ്ട് ലെബനനിലേക്കും വടക്ക് ഭാഗത്തേക്കും സുരക്ഷ തേടി അവര്‍ നീങ്ങുകയാണ്' - അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ടെങ്കിലും ഇവിടെ വിദൂര വിദ്യാഭ്യാസം തുടരുകയാണ്. 'ജനങ്ങള്‍ ഇപ്പോള്‍ പള്ളി ഹാളുകളില്‍ താമസിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഭക്ഷണം, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍, മെത്തകള്‍, പുതപ്പുകള്‍ എന്നിവ ആവശ്യമാണ്. ഈ ആക്രമണം അധികകാലം നിലനില്‍ക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' - ബൂട്രോസ് പറഞ്ഞു. ലെബനനിലും പ്രദേശത്തുടനീളവും സമാധാനത്തിനായി പ്രാര്‍ഥിക്കാന്‍ എല്ലാ വിശ്വാസികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.