മിനിക്കഥ - സെറ്റ്‌ലിന കോരിയ ജീവജലം.(ജോ കാവാലം)

മിനിക്കഥ - സെറ്റ്‌ലിന കോരിയ ജീവജലം.(ജോ കാവാലം)

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു, ചെറിയ മയക്കത്തിലായിരുന്നു. മദ്യപിച്ച് വന്ന അയാൾ രാത്രി മുഴുവൻ അവളെ ഉപദ്രവിച്ചു. കുടിയും തീറ്റയും പരാക്രമവും കഴിഞ്ഞ് അപ്പുറത്ത് അയാൾ ഇപ്പോഴും കൂർക്കം വലിച്ചുറങ്ങുന്നു. പുറത്തേക്ക് നോക്കിയപ്പോൾ സൂര്യൻ തലയ്ക്ക് മേലെ കത്തി ജ്വലിക്കുന്നു. അവൾ പുറത്തേക്ക് നോക്കി, വഴി വിജനമാണ്.

കൊടും ചൂടിൽ ആ പട്ടണത്തിൽ ആരും പുറത്തിറങ്ങാറില്ല. ഈ സമയത്താണ് അവൾ, പതിവായി വെള്ളമെടുക്കാൻ പോകുന്നത്. അവളുടെ വീടിന്റെ പിന്നാമ്പുറത്തെ ചെറിയ വയൽ കടന്ന് പോയാൽ അവൾക്ക് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കിണറ്റിൻ കരയിലെത്താം. കൈയിൽ കിട്ടിയ തണ്ടും രണ്ട് കുടങ്ങളുമായി അവൾ വേഗം നടന്നു. തലയ്ക്ക് മീതെ കത്തിജ്വലിക്കുന്ന സൂര്യൻ, അവൾ അങ്ങോട്ടോ ഇങ്ങോട്ടോ നോക്കാതെ ആ കിണറിന്റെ അരികിലെത്തി. കിണറിനടുത്ത് ഒന്ന് രണ്ട് ഒലിവ് മരങ്ങൾ ഉള്ളതിനാൽ അവിടെ ചെറിയ തണലുണ്ടായിരുന്നു.

കയറും പാളയും വെള്ളത്തിലേക്ക് ഇട്ട് അവൾ തിടുക്കത്തിൽ വെള്ളം കോരാൻ തുടങ്ങി. എനിക്ക് ദാഹിക്കുന്നു, അല്പം വെള്ളം തരുമോ? അപ്പോഴാണ് അവൾ ആ കിണറിന്റെ അപ്പുറത്തിരിക്കുന്ന താടിക്കാരനെ ശ്രദ്ധിച്ചത്. വല്ല ഭിക്ഷക്കാരുമാണെന്നാ അവൾ ആദ്യം കരുതിയത് സൂക്ഷിച്ച് നോക്കിയപ്പോൾ അവൻ ഒരു നസ്രായൻ ആണെന്ന് അവൾക്ക് പിടികിട്ടി.

പുരുഷവർഗ്ഗത്തോട് തന്നെ പുച്ഛമായിരുന്നു അവൾക്ക്. ആണുങ്ങൾ മുഴുവൻ സ്വാർത്ഥന്മാരാണെന്ന് അവൾ അനിയത്തിമാരോട് പറയുമായിരുന്നു. അപ്പോഴാ ഒരുത്തൻ വെള്ളം ചോദിച്ച് വന്നിരിക്കുന്നത്. ഇത് ശരിക്കും വെള്ളത്തിനാണോ അതോ മറ്റ് ലക്ഷ്യങ്ങളാണോ. ഇങ്ങനെ ചിന്തിച്ച് നിൽക്കുമ്പോൾ അയാൾ അവൾക്കരികിലേക്ക് വന്നു വീണ്ടും ചോദിച്ചു, എനിക്ക് ദാഹിക്കുന്നു അല്പം വെള്ളം തരുമോ?

അയാൾ കാഴ്ചയിൽ സുന്ദരനായിരുന്നു, പെരുമാറ്റം വളരെ മാന്യവും, സംസാരം മയമുള്ളതുമായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവൾ കണ്ട പുരുഷന്മാരെക്കാളും അയാൾ വ്യത്യസ്തനാണ് എന്നവൾക്ക് തോന്നി. അയാളുടെ തിളക്കമുള്ള കണ്ണുകളിലേക്ക് നോക്കി എല്ലാം മറന്ന് നിൽകുമ്പോൾ വീണ്ടും അയാൾ ചോദിച്ചു, എനിക്ക് കുടിക്കാൻ അല്പം വെള്ളം തരുമോ? അയാളുടെ ദാഹം വെറും പച്ച വെള്ളത്തിനല്ല എന്ന തോന്നൽ അവളിലുണ്ടായി.

സ്വപ്നത്തിൽ നിന്നുണർന്നപോലെ അവൾ പറഞ്ഞു, ഇല്ല നിനക്ക് ഞാൻ വെള്ളം തരില്ല. ഞാൻ നിനക്ക് വെള്ളം തരുന്നത് ആരെങ്കിലും കണ്ടാൽ ഈ സിക്കാർ പട്ടണത്തിൽ എനിക്ക് ജീവിക്കാൻ സാധിക്കില്ല. യഹൂദനായ നിനക്ക് സമരയാക്കാരിയായ ഞാൻ വെള്ളം കുടിക്കാൻ തരികയോ? അസംഭവ്യം.

പെണ്ണേ, സെറ്റ്‌ലന ശരിക്കും ഞാൻ ആരാണെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ, നീ എന്നോട് വെള്ളം ചോദിച്ചേനെ. അവൾക്ക് ചിരി അടക്കാനായില്ല, പൊട്ടിചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. നിന്റെ കയ്യിൽ കയറില്ല, പാളയില്ല, കുടവുമില്ല പിന്നെ നീ എങ്ങനെ എനിക്ക് വെള്ളം തരും. അവൾ വീണ്ടും വീണ്ടും അയാളെ നോക്കി പൊട്ടിച്ചിരിച്ചു. എന്നാലും ഇയാൾ എങ്ങനെയാണ് എന്റെ പേര് മനസിലാക്കിയത്, ചിരി ചിന്തയിലേക്ക് വഴിമാറി.

ചെറിയൊരു മന്ദഹാസത്തോടെ അയാൾ അവളെ നോക്കി. ആ കണ്ണുകളിൽ നിന്നുയരുന്ന കരുണയുടെ കിരണങ്ങൾ അവളുടെ ജീവിതത്തിലേക്ക് അരിച്ചിറങ്ങി. അതവൾക്ക് വല്ലാത്ത ഒരു തിരിച്ചറിവ് നൽകി. അവൾ അവനെ തിരിച്ചറിഞ്ഞു. അവന്റെ കാൽക്കൽ വീണ് അവൾ മാപ്പ് ചോദിച്ചു.

കുടവും മറന്നു, വെള്ളവും മറന്നു, പരിസരങ്ങളും മറന്ന് അവിടെ നിന്നവൾ തുള്ളിച്ചാടി, നൃത്തം ചവിട്ടി, തിരികെ അവളുടെ പട്ടണത്തിലേക്ക് ഒരോട്ടമായിരുന്നു. അവിടെ ചെന്ന് അനിയത്തിമാരോടും, അയൽക്കാരോടും, പട്ടണത്തിലുള്ളവരോടും അവൾ കണ്ട നസ്രായനെപ്പറ്റി പറഞ്ഞു. ആ പട്ടണം അയാളിലേക്ക് ഒഴുകി………അവളും അനിയത്തിമാരും കൂട്ടുകാരും പിന്നെ അയാളെ അനുഗമിച്ചു, കാൽവരി വരെ.. നസ്രായന് ശേഷവും അവൾ അയാളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.