ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരാകുന്നത്. കേസ് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നാണ് സിദ്ദിഖ് ഹർജിയിൽ ആരോപിക്കുന്നത്.
സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖിന് കീഴടങ്ങേണ്ടിവരും. സിദ്ദിഖ് കൊച്ചിയിൽ തന്നെയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പുലർച്ചെ യുവാക്കളുടെ വീട്ടിലെത്തിയ പൊലീസ് സംഘം നടപടിക്രമങ്ങൾ പാലിക്കാതെ യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. ആറാം ദിവസം പിന്നിടുമ്പോഴും പ്രതിക്കായി ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എന്നാൽ സിദ്ദിഖ് സിം കാർഡ് മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അറിയാനാണ് മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണ സംഘം അറിയിച്ചു.
ഒളിവിൽ പോയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ സിദ്ദിഖിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മകൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. അതേസമയം, സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മകൻ ഷഹീൻ സിദ്ദിഖ് ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.